ഭക്ഷ്യസബ്സിഡി ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നു: കാനം രാജേന്ദ്രന്
1278647
Saturday, March 18, 2023 10:37 PM IST
നിലയ്ക്കൽ: വിലക്കയറ്റം മൂലം പൊറുതി മുട്ടുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായ ഭക്ഷ്യസബ്സിഡി ഇല്ലാതാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എഐവൈഎഫ് സംസ്ഥാന ക്യാന്പ് നിലയ്ക്കൽ ക്യാന്പ് സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമാണ് ഇത്തരം ആശ്വാസ നടപടികള്‍ അവസാനിപ്പിക്കണമെന്ന വാദം ഉയരുന്നത്. പാവപ്പെട്ടവരെ സഹായിക്കാനുളള സര്‍ക്കാര്‍ മൂലധനം കമ്പോളത്തില്‍ നിക്ഷേപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അവിടെ മത്സരിച്ച് ജീവിക്കട്ടേയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉപദേശം. ഇത് കോർപറേറ്റ് മുതലാളിത്വത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നതിലൂടെ ജനകീയ അഭിപ്രായം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതെന്നും കാനം പറഞ്ഞു. അനാചാരങ്ങൾക്കെതിരേ ശാസ്ത്ര അവബോധമുള്ള തലമുറ വളർന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജന്, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്, അസി. സെക്രട്ടറിമാരായ പി.ആര്. ഗോപിനാഥന്, കെ.ജി. രതീഷ് കുമാര്‍, സംസ്ഥാന കൗണ്‍സിലംഗം ഡി. സജി, എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറ ആര്. ജയന്, ജില്ലാ സെക്രട്ടറി എസ്. അഖില്‍, ജില്ലാ പ്രസിഡന്റ് സുഹാസ് എം. ഹനീഫ് എന്നിവര്‍ പ്രസംഗിച്ചു. എഐവൈഎഫ് ജനറല്‍ സെക്രട്ടറി ആര്. തിരുമലൈ സംഘടനാ റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോന് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.