ലൈഫിനു പുറത്ത്; ഉണ്ടായിരുന്ന കൂരയും തകർന്നു വീണു
1278643
Saturday, March 18, 2023 10:34 PM IST
റാന്നി: അധികൃതര്‍ അയോഗ്യനെന്നു വിലയിരുത്തി ലൈഫ് പദ്ധതിയില്‍ നിന്നും പുറത്താക്കിയ തൊഴിലാളിയുടെ വീട് തകര്‍ന്നു വീണു.
നാറാണംമൂഴി ഗ്രാമ പഞ്ചായത്തില്‍ തോമ്പിക്കണ്ടം വലിയപതാല്‍ മാവുങ്കല്‍ എം.എ. വിജയന്റെ വീടാണ് തകര്‍ന്നു വീണത്. ഇന്നലെ രാവിലെ 11.30 ഓടെ വലിയ ശബ്ദത്തോടെയാണ് വിജയന്റെ വീട് തകര്‍ന്നത്. സംഭവസമയം വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപെട്ടു.
നേരത്തെ മേല്‍ക്കൂരയിലെ ഓടുകളും പട്ടികയും പോയിരുന്നതിനാല്‍ പടുത ഉപയോഗിച്ചാണ് ഇവര്‍ മഴയും വെയിലും ഏല്ക്കാതെ കഴിഞ്ഞിരുന്നത്. വേനല്‍ മഴ പെയ്തതോടെ വീടിന്റെ ഭിത്തി നനഞ്ഞു വീട് തകരുകയായിരുന്നു.
ലൈഫ് പദ്ധതിയില്‍ പല തവണ വിജയന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അനാവശ്യ വാദങ്ങള്‍ നിരത്തി ഓരോ തവണയും ഉദ്യോഗസ്ഥര്‍ തള്ളുകയായിരുന്നു.
ടാപ്പിംഗ് തൊഴിലാളിയായ വിജയന് റേഷന്‍ കാര്‍ഡിലെ വരുമാനം അധികമാണെന്നും താമസയോഗ്യമല്ലാത്ത പഴയ വീടിന്റെ വിസ്തീർണം വലുതാണെന്നും കാട്ടിയാണ് പദ്ധതിയില്‍ നിന്നു പുറത്താക്കിയത്. എന്നാല്‍ ഇതേ ഉദ്യോഗസ്ഥര്‍ മാനദണ്ഡം കാറ്റില്‍ പറത്തി വാര്‍ഡില്‍ വീടുകള്‍ അനുവദിച്ചിട്ടുണ്ടെന്നും പറയുന്നു.