ജില്ലയ്ക്ക് കേന്ദ്രഫണ്ടിൽനിന്നു റോഡ് വികസനത്തിന് 70 കോടി രൂപ
1266025
Wednesday, February 8, 2023 10:26 PM IST
പത്തനംതിട്ട: കേന്ദ്ര ഫണ്ടിൽ നിന്നു റോഡ് വികസനത്തിനായി പത്തനംതിട്ട ജില്ലയ്ക്ക് 70 കോടി രൂപ ലഭിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു.
കേന്ദ്ര റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറന്മുള നിയോജക മണ്ഡലത്തിലെ ആറന്മുള - കുഴിക്കാല- പരിയാരം - ഇലവുംതിട്ട റോഡിനു 15 കോടി രൂപയും എൻഎച്ച് 183 എ ഭരണിക്കാവ് - മുണ്ടക്കയം ദേശീയപാതയുടെ മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെയുള്ള 32.1 കിലോമീറ്റർ പുനർനിർമാണത്തിന് 47 കോടി രൂപയും കൈപ്പട്ടൂർ മുതൽ പത്തനംതിട്ട വരെയുള്ള റോഡിന്റെ 5.64 കിലോമീറ്റർ പുനർനിർമാണത്തിന് എട്ടുകോടി രൂപയുമാണ് അനുവദിച്ചത്.
10 കിലോമീറ്റർ ദൈർഘ്യമുള്ള ആറന്മുള - കുഴിക്കാല - പരിയാരം - ഇലവുംതിട്ട റോഡിന് ഭരണാനുമതി ലഭിച്ചതായും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണപ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കുമെന്നും എംപി പറഞ്ഞു.
ഭരണിക്കാവ് - മുണ്ടക്കയം
ദേശീയപാതയ്ക്ക് 55 കോടി രൂപ കൂടി
നിർമാണത്തിലുള്ള എൻഎച്ച് 183 എ ഭരണിക്കാവ് - മുണ്ടക്കയം ദേശീയപാതയുടെ നിർമാണം പൂർത്തീകരിക്കുന്നതിലേക്ക് 55 കോടി രൂപകൂടി അനുവദിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു. മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെയുള്ള 32.1 കിലോമീറ്റർ പുനർനിർമാണത്തിന് 47 കോടി രൂപയും കൈപ്പട്ടൂർ മുതൽ പത്തനംതിട്ട വരെയുള്ള റോഡിന്റെ 5.64 കിലോമീറ്റർ പുനർനിർമാണത്തിന് എട്ടുകോടി രൂപയുമാണ് അനുവദിച്ചത്.
കൈപ്പട്ടൂർ മുതൽ പത്തനംതിട്ട വരെയും മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെയുമുള്ള ഭാഗത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പൂർണമായും ദേശീയ നിലവാരത്തിലാണ് റോഡ് നിർമിക്കുന്നത്. അതോടൊപ്പം ആവശ്യമുള്ള സ്ഥലങ്ങളിൽ റോഡ് ഉയർത്തിയും സംരക്ഷണഭിത്തി നിർമിച്ചും ഇന്റർലോക്ക് വിരിച്ചും ദിശാ ബോർഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ചും കലുങ്കുകളും ഓടകളും നിർമിച്ചുമാണ് റോഡ് പൂർത്തീകരിക്കുന്നത്.
നിർദിഷ്ട ദേശീയപാതയുടെ ഭരണിക്കാവ് മുതൽ അടൂർ നെല്ലിമൂട്ടിൽപടി വരെയുള്ള 16 കിലോമീറ്റർ പുനരുദ്ധാരണത്തിന് 13.68 കോടി രൂപയും കണമല കോസ്വേ മുതൽ എരുമേലി വരെയുള്ള 14 കിലോമീറ്ററിലേക്ക് 16.5 കോടി രൂപയും അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നതായും എംപി പറഞ്ഞു.