മദ്യനിരോധനസമിതി ജാഥയ്ക്കു സ്വീകരണം
1265700
Tuesday, February 7, 2023 10:56 PM IST
പത്തനംതിട്ട: ലഹരിമുക്ത കേരളം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ എൽഡിഎഫ് ആറു വർഷങ്ങളിലെ ഭരണത്തിനിടെ ലഹരിമൂത്ത കേരളമായി നാടിനെ മാറ്റിയതായി കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ. മദ്യനിരോധനസമിതിയുടെ സംസ്ഥാന ജാഥയ്ക്ക് പത്തനംതിട്ടയിൽ നല്കിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്കിയിരുന്ന മദ്യ നിയന്ത്രണാധികാരം പുനഃസ്ഥാപിക്കുക, താഴ്ന്ന ക്ലാസുകൾ മുതൽക്കേ ലഹരിവിരുദ്ധ ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുക, നിലവിലുള്ള ബാറുകളും മദ്യവില്പനശാലകളും പടിപടിയായി അടയ്ക്കുക, പുതിയ മദ്യശാലകൾക്ക് അനുമതി നല്കാതിരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മദ്യനിരോധന സമിതി ജാഥ.
ബി.ആർ. കൈമൾ കരുമാടി അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ ഡോ. വിൻസെന്റ് മാളിയേക്കൽ, ഫാ. സാം പി. ജോർജ്, ഫാ. ടി.ടി. സക്കറിയാസ്, ഇയ്യച്ചേരി പത്മിനി, വി.ജി. ശശികുമാർ, ജോസ് കടമ്പനാട്ട് എന്നിവർ പ്രസംഗിച്ചു.
രാവിലെ മല്ലപ്പള്ളിയിൽ നിന്നും പര്യടനം ആരംഭിച്ച ജാഥയ്ക്ക് റാന്നി, കോഴഞ്ചേരി, ഇലന്തൂർ എന്നിവിടങ്ങളിലും സ്വീകരണം നല്കി.