അടൂരിലെ ബാർ ഹോട്ടലിൽ തീപിടിച്ചു
1265412
Monday, February 6, 2023 10:51 PM IST
അടൂർ: ബാർ ഹോട്ടലിൽ തീ പിടിച്ചു. യമുന ബാർ ഹോട്ടലിലെ മുറിയിലാണ് വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമായത്. ഹോട്ടലിലെ സ്ഥിര അഗ്നി പ്രതിരോധ ഉപകരണങ്ങൾ ഉപയോഗിച്ച് അടൂർ അഗ്നിരക്ഷാ സേന ആരംഭഘട്ടത്തിൽ തന്നെ സമയോചിതമായി പ്രവർത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ഹോട്ടൽ മുറിയിലെ എയർ കണ്ടീഷൻ, ബെഡുകൾ, സ്വിച്ച് പാനൽ മുതലായവ ഭാഗികമായി കത്തിനശിച്ചു. അഗ്നി പ്രതിരോധ സംവിധാനങ്ങൾ പൂർണമായും പ്രവർത്തനക്ഷമമായതിനാലാണ് തീ പ്രാരംഭ ദശയിൽത്തന്നെ കെടുത്താനായത്. പുക മൂടിയ സാഹചര്യത്തിൽ ബിഎ സെറ്റ് ഉപയോഗിച്ചാണ് അഗ്നിശമന പ്രവർത്തനങ്ങൾ നടത്തിയത്. സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ തീ അണയ്ക്കാൻ പങ്കെടുത്തു.