പക്ഷിപ്പനി: പ്രതിരോധ നടപടികളുമായി ദ്രുതകർമസേന
1264566
Friday, February 3, 2023 11:07 PM IST
തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവല്ല നഗരസഭ 24-ാം വാർഡിൽ ഉൾപ്പെടുന്ന തുകലശേരിയിലും നെടുംമ്പ്രം പഞ്ചായത്തിലെ ഒന്പതാം വാർഡിലെ കല്ലുങ്കൽ ഭാഗത്തും വളർത്തു പക്ഷികളെ കൊന്നൊടുക്കുന്ന നടപടി ആരംഭിച്ചു. കുറ്റൂർ പഞ്ചായത്തിലെ ഒന്നാംവാർഡിലെ ചില പ്രദേശങ്ങളിലും രോഗബാധ കണ്ടെത്തിയിരുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതലാണ് പക്ഷികളെ കൊന്നൊടുക്കി തുടങ്ങിയത്. മൃഗസംരക്ഷണവകുപ്പിലെ ദ്രുതകർമസേനയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
കല്ലുങ്കലിൽ 150 ഓളം പക്ഷികളെയും തുകലശേരിയിൽ അന്പതോളം പക്ഷികളെയുമാണ് കൊന്നൊടുക്കിയത്. കഴിഞ്ഞ ജനുവരി 20ന് നെടുമ്പ്രം പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് 800 ഓളം പക്ഷികളെ അന്ന് കൊന്നൊടുക്കിയിരുന്നു. പിന്നാലെ തിരുവല്ല നഗരസഭ പരിധിയിലെ രണ്ട് വാർഡുകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
നിലവിൽ രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകളിലെ പത്തുകിലോമീറ്റർ പരിധിയിൽ വരുന്ന
തിരുവല്ല, ഇരവിപേരൂർ, കവിയൂർ, പുറമറ്റം, പെരിങ്ങര, കുന്നന്താനം, കല്ലൂപ്പാറ, നിരണം, കുറ്റൂർ, നെടുന്പ്രം, കടപ്ര ഗ്രാമപഞ്ചായത്തുകൾ നിരീക്ഷണമേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.