കിഫ്ബിയിൽ മുടങ്ങിയ പദ്ധതികൾ; ബജറ്റിൽ കണ്ണുംനട്ട് പത്തനംതിട്ട
1264254
Thursday, February 2, 2023 10:23 PM IST
പത്തനംതിട്ട: കിഫ്ബി മുഖേന തുടക്കമിടുകയും ഫണ്ടില്ലാതെ തുടർ നിർമാണം തടസപ്പെടുകയും ചെയ്ത പദ്ധതികളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് പത്തനംതിട്ട. ജില്ലയിലൊട്ടാകെ ചെറുതും വലുതുമായ നിരവധി പദ്ധതികളാണ് കിഫ്ബി മുഖേന തുടക്കമിട്ട് പാതിവഴിയിൽ കിടക്കുന്നത്. കിഫ്ബിയിൽ പുതിയ പദ്ധതികളുണ്ടാകില്ലെന്നു ധനമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ നിലവിൽ ഏറ്റെടുത്ത പദ്ധതികൾക്കു ഫണ്ട് ലഭ്യമാകുമോയെന്നതാണ് ആശങ്ക. ഇതോടൊപ്പം മുൻകാല ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികളുടെ ഭാവിയും ജില്ലയിൽ ചോദ്യചിഹ്നമായി ഉയരുന്നുണ്ട്.
കോഴഞ്ചേരി പാലം
ഇരുകര മുട്ടാതെ കോഴഞ്ചേരിയിലെ പുതിയ പാലം ചോദ്യചിഹ്നമാണ്. പ്രഖ്യാപനങ്ങൾ ഒന്നിനു പിറകെ ഒന്നായി ഉണ്ടാകുന്പോൾ പണി ഉപേക്ഷിച്ചുപോയ കരാറുകാരനെ മാറ്റി പുതിയ ടെൻഡറിന്റെ നടപടികളിലാണെന്നു പറയുന്നു.
പുതിയ കരാർ നൽകണമെങ്കിൽ പദ്ധതി വിഹിതം വർധിപ്പിക്കണം. 2018 ഡിസംബറിലാണ് പാലം പണി തുടങ്ങിയത്. 19.69 കോടിയാണ് വകയിരുത്തിയത്. സ്ഥലം ഏറ്റെടുപ്പ് പ്രശ്നത്തിൽ നിർമാണം നിലച്ചതിനു പിന്നാലെ ഡിസംബർ 31ന് കരാർ കാലാവധിയും അവസാനിച്ചു.
ജില്ലാ കോടതി സമുച്ചയം
റിംഗ് റോഡിൽ അഞ്ചക്കാലയിൽ ജില്ലാ കോടതി സമുച്ചയത്തിനു സ്ഥലം കണ്ടെത്തിയെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. സ്ഥലമേറ്റെടുക്കൽ അടക്കം തടസപ്പെട്ടിരിക്കുകയാണ്. മിനി സിവിൽ സ്റ്റേഷനിലെ സ്ഥലപരിമിതികളിൽനിന്നു കോടതികൾക്കു സ്വന്തമായ കെട്ടിട സമുച്ചയം അന്തരിച്ച മുൻ എംഎൽഎ കെ.കെ. നായരുടെ കാലഘട്ടം മുതലുള്ള സ്വപ്നമാണ്.
ജില്ലാ സ്റ്റേഡിയം
ജില്ലാ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കാൻ 50 കോടി രൂപ വകയിരുത്തിയ പദ്ധതിയാണിത്. നഗരസഭ സ്ഥലം വിട്ടു നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പണം അനുവദിച്ചതു കിഫ്ബി മുഖേന അല്ലെങ്കിലും നടപടികളെങ്ങുമെത്തിയില്ല. പഠനങ്ങളും പരിശോധനകളും മുറപോലെ നടക്കുന്നുവെന്നു മാത്രം. പത്തനംതിട്ടയുടെ അഭിമാനമായിരുന്ന കെ.കെ. നായർ സ്റ്റേഡിയം ഇന്നിപ്പോൾ ഒരു കായിക മത്സരത്തിനും ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണ്.
കുടിവെള്ള പദ്ധതികൾ
പത്തനംതിട്ട നഗരത്തിലടക്കം നിരവധി കുടിവെള്ള പദ്ധതികളുടെ നവീകരണം, വിപുലീകരണം ഇവയ്ക്കായി നിരവധി നിർദേശങ്ങൾ ധനവകുപ്പിന്റെ മുന്പാകെയുണ്ട്. പത്തനംതിട്ടയിലെ ജലക്ഷാമം പരിഹരിക്കാനായി മണിയാർ ഡാമിൽ നിന്നു വെള്ളം എത്തിക്കാൻ മേജർ ജലപദ്ധതിക്കു നിർദേശം നൽകിയിട്ടു നാളുകളേറെയായി. ജല അഥോറിറ്റിയും തത്വത്തിൽ അംഗീകരിച്ച പദ്ധതിയാണിത്. കിഫ്ബി മുഖേന ആറന്മുള നിയോജക മണ്ഡലത്തിൽ പ്രഖ്യാപിക്കപ്പെട്ട നിരവധി കുടിവെള്ള പദ്ധതികളുടെ ഭാവിയും തുലാസിലാണ്.
റാന്നിപാലം
ഇരുകര മുട്ടാതെയുള്ള മറ്റൊരു പാലമാണ് റാന്നിയിലേത്. അപ്രോച്ച് റോഡിനു സ്ഥലമേറ്റെടുക്കാൻ കോടികൾ കണ്ടെത്തണം. ബജറ്റ് വിഹിതത്തിലെ കുറവാണ് തടസം. കിഫ്ബി മുഖേന പാലത്തിന്റെ പണികൾക്കു തുടക്കമിട്ടെങ്കിലും പിന്നീട് പണമില്ലെന്നു കണ്ടതോടെ കരാറുകാരൻ പണി ഉപേക്ഷിച്ചു. ഇതോടെ പന്പാനദിക്കു കുറുകെ ഏതാനും തൂണുകളിൽ റാന്നിയിലെ രണ്ടാമത്തെ പാലവും ഒതുങ്ങി.
റാന്നി നോളജ് വില്ലേജ്
പ്രമോദ് നാരായൺ എംഎൽഎയുടെ സ്വപ്ന പദ്ധതിയെ കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അംഗീകരിച്ചു പദ്ധതി വിഹിതം അനുവദിച്ചതാണ്. പിന്നാലെ പദ്ധതി സർക്കാർ ഏറ്റെടുത്തു സമിതിയെയും രൂപീകരിച്ചു. രണ്ടാംഘട്ട പ്രവർത്തനത്തിനു ഫണ്ട് പ്രതീക്ഷിച്ചിരിക്കുകയാണ്.
അടൂരിനും പ്രതീക്ഷകൾ
റവന്യൂ കോംപ്ലക്സ് നിർമാണം, കോടതി സമുച്ചയം രണ്ടാംഘട്ടം, വിവിധ സർക്കാർ ഓഫീസുകൾക്കു സ്വന്തം കെട്ടിടം, സാംസ്കാരിക കൺവൻഷൻ സെന്റർ ടൂറിസം പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികളാണ് അടൂർ നിയോജക മണ്ഡലത്തിൽനിന്നു പരിഗണനയ്ക്കു നൽകിയത്.
കിഫ്ബി മുഖേനയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഏറെയും പൂർത്തിയാക്കിയെന്നതിനാൽ പുതിയ പദ്ധതികൾക്കു ബജറ്റ് വിഹിതമാണ് പ്രതീക്ഷിക്കുന്നത്.
കോന്നി മെഡിക്കൽ കോളജ്
കോന്നിയിലെ സർക്കാർ മെഡിക്കൽ കോളജിൽ ഒന്നാംവർഷ ക്ലാസുകൾ ആരംഭിച്ചെങ്കിലും ആശുപത്രി പൂർണസജ്ജമല്ല. ഒപി, ഐപി വിഭാഗങ്ങൾ നേരത്തെതന്നെ ഉദ്ഘാടനം ചെയ്തതാണ്. പക്ഷേ, കിടത്തിചികിത്സയ്ക്കാവശ്യമായ സംവിധാനങ്ങൾ പൂർണമല്ല.
അടുത്ത ഘട്ടം വികസനത്തിനു ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പണത്തിന്റെ ലഭ്യതക്കുറവുണ്ട്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണം പൂർത്തീകരിക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. പിജി കോഴ്സുകൾ അടക്കം അടുത്ത രണ്ടു വർഷത്തിനുള്ളിൽ തുടങ്ങാനാകുമെന്ന പ്രഖ്യാപനം ബാക്കി നിൽക്കുന്നു. അത്യാഹിത വിഭാഗം പോലും പൂർണസജ്ജമല്ലാത്തതിനാൽ മെഡിക്കൽ കോളജിന്റെ പ്രയോജനം പത്തനംതിട്ടയ്ക്കു ലഭിച്ചു തുടങ്ങിയിട്ടില്ല. മെഡിക്കൽ കോളജ് റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഫണ്ട് ലഭ്യമാകണം.
ആദ്യ വർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് ക്ലാസ് റൂം, ലേബർറൂം ബ്ലെഡ് ബാങ്ക്, മെഡിക്കൽ ഉപകരണങ്ങൾ, ഫർണിച്ചറുകൾ, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ, ലാബ് ഉപകരണങ്ങൾ മുതലായവ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയിൽനിന്നു പ്രത്യേകമായി ലഭ്യമാക്കിയതാണ്.
തിരുവല്ലയ്ക്കു സ്വപ്ന പദ്ധതികൾ
തിരുവല്ല നിയോജക മണ്ഡലത്തിൽ റോഡ്, ജലവിതരണം പദ്ധതികളാണ് കിഫ്ബി മുഖേന ഉണ്ടായിരുന്നവയിലേറെയും. ഇതിൽ ചിലതൊക്കെ പൂർത്തിയാക്കിയെന്ന് ആശ്വസിക്കാം. തിരുവല്ല - അന്പലപ്പുഴ റോഡ് ഇതിന്റെ ഭാഗമായിരുന്നു. തോട്ടഭാഗം- കവിയൂർ- ചങ്ങനാശേരി റോഡും കിഫ്ബി ഫണ്ടുപയോഗിച്ചാണ് നിർമിച്ചത്. തിരുവല്ല- മല്ലപ്പള്ളി- ചേലക്കൊന്പ് റോഡ് നിർമാണമാണ് എവിടെയുമെത്താത്തത്. കിഫ്ബിയിൽ 88 കോടി രൂപ അനുവദിച്ച പദ്ധതിയാണിത്.
മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമാണത്തിന് 43 കോടി രൂപ വകയിരുത്തിയിരുന്നു. പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകൾക്കായുള്ള 80 കോടിയുടെ കുടിവെള്ള പദ്ധതിയും പ്രഖ്യാപനത്തിലൊതുങ്ങി. തിരുവല്ലയിൽ പ്രഖ്യാപിച്ച 58 കോടിയുടെ കുടിവെള്ള പദ്ധതിയും വെളിച്ചം കണ്ടിട്ടില്ല.
രാജ്യാന്തര നിലവാരത്തിൽ തിരുവല്ല പബ്ലിക് സ്റ്റേഡിയം വികസനം, വിദ്യാഭ്യാസ ഓഫീസുകൾക്കടക്കം സ്വന്തം കെട്ടിടം, താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്ക്, സബ്ട്രഷറി കെട്ടിടം ഇവയെല്ലാം ആവശ്യങ്ങളുടെ പട്ടികയിലുണ്ട്. മുത്തൂരിലെ ഫ്ളൈ ഓവർ നിർമാണം, ചെറുതും വലുതുമായ നിരവധി പാലങ്ങൾ ഇവയെല്ലാം കഴിഞ്ഞകാല ബജറ്റിലെ പ്രഖ്യാപനങ്ങൾ മാത്രമായി. കോമളം പാലത്തിന്റെ സമയബന്ധിത പൂർത്തീകരണമാണ് മണ്ഡലത്തിന്റെ മറ്റൊരു പ്രധാന ആവശ്യം.