ഏഴാംതല വനത്തില്‍ പിടിയാനയുടെ ജഡം കണ്ടെത്തി
1264250
Thursday, February 2, 2023 10:23 PM IST
കോന്നി: തേക്കുതോട് ഏഴാംതല വനത്തില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം പോസ്റ്റുമോര്‍ട്ടം നടത്തി മറവു ചെയ്തു. കല്ലാറിന്റെ മറുകരയില്‍ വനത്തില്‍ കാവിന്റെ ഭാഗത്തായിരുന്നു ആനയുടെ ജഡം കണ്ടത്.
ജനവാസമേഖലകളിലേക്ക് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ വനപാലകരെ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്. പന്ത്രണ്ട് വയസുള്ള പിടിയാനയുടെ ജഡത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായി വനപാലകര്‍ പറഞ്ഞു. ആനയുടെ പല്ലിന് കേടുപാടുകള്‍ വന്നതിനാല്‍ തീറ്റ എടുക്കാന്‍ പറ്റാതെ വന്നതാണ് ചരിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നെങ്കില്‍ മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ.
നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശരത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ കോന്നി ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. ശ്യാം ചന്ദ്രനാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പെട്ട ഭാഗത്ത് ഒരാഴ്ച മുമ്പുവരെ ആനക്കൂട്ടം ബഹളം ഉണ്ടാക്കുന്നതായി നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. ആനകള്‍ തമ്മിലുള്ള പോരിനിടെയാണ് പിടിയാന ചരിഞ്ഞതെന്നു സംശയിക്കുന്നു.