കക്കാട് പദ്ധതിയിൽ ഉത്പാദനം ജനറേറ്റർ തകരാറ്, വൈദ്യുതി ഉത്പാദനം നിർത്തി
1263341
Monday, January 30, 2023 10:03 PM IST
പത്തനംതിട്ട: കക്കാട് ജലവൈദ്യുത പദ്ധതിയുടെ കക്കാട് പവർഹൗസിലെ രണ്ട് ജനറേറ്ററുകളും തകരാറിലായതോടെ ഇന്നലെ ഉച്ചകഴിഞ്ഞ് 3.40 മുതൽ വൈദ്യുതി ഉത്പാദനം പൂർണമായി നിർത്തി. കഴിഞ്ഞയാഴ്ച പദ്ധതിയിൽ ജനറേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണികൾക്കായി ഉത്പാദനം ഭാഗികമായി നിർത്തിയിരുന്നു.
മൂഴിയാർ ഷട്ടറുകൾ തുറക്കും
കക്കാട് പദ്ധതിയിൽ ഉത്പാദനം നിർത്തിയതിനു പിന്നാലെ മൂഴിയാർ സംഭരണിയിൽ ജലനിരപ്പ് ഉയർന്നതോടെ ഷട്ടറുകൾ തുറക്കും. ജലനിരപ്പ് 190 മീറ്ററിലെത്തിയതോടെ വൈകുന്നേരം നാലിന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നു രാത്രി ഏഴു മുതൽ മൂഴിയാർ ഡാമിലെ അധികജലം മൂന്ന് ഗേറ്റുകളും 30 സെന്റിമീറ്റർ വീതം ഉയർത്തി പരമാവധി 50 ഘനമീറ്റർ നിരക്കിൽ ജലം കക്കാട്ടാറ്റിലേക്ക് ഒഴുക്കിവിടും.
ഷട്ടറുകൾ ഉയർത്തുന്നതുമൂലം പത്തു സെന്റിമീറ്റർവരെ കക്കാട്ടാറ്റിൽ ജലനിരപ്പ് ഉയർന്നേക്കാം. തീരത്തു താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടറുടെ അറിയിപ്പിൽ പറയുന്നു.