കെ റെയിൽ; അസത്യം പ്രചരിപ്പിക്കുന്നു- പുതുശേരി
1261849
Tuesday, January 24, 2023 10:35 PM IST
പത്തനംതിട്ട: കെ റെയിൽ സംബന്ധിച്ച യഥാർഥ വസ്തുതകൾ മറച്ചുവച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെക്കൊണ്ട് പച്ചക്കള്ളം പറയിപ്പിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.
പദ്ധതി പരിസ്ഥിതി സൗഹൃദമാണെന്ന അവകാശവാദത്തിന്റെ പൊള്ളത്തരമെങ്കിലും നയപ്രഖ്യാപനത്തിൽ നിന്നൊഴിവാക്കേണ്ടതായിരുന്നു. 15 മുതൽ 30 മീറ്റർവരെ വീതിയിൽ ചുരുങ്ങിയത് എട്ടു മീറ്റർ ഉയരത്തിൽ രണ്ടു വശങ്ങളിലും ഭിത്തികെട്ടി നടുക്ക് മണ്ണും മറ്റു വസ്തുക്കളുമിട്ടുറപ്പിക്കുന്ന മതിലിനെയാണ് എബാങ്ക്മെന്റായി പദ്ധതിയിൽ കണ്ടിരിക്കുന്നത്.
ഇത്തരത്തിൽ 55 ശതമാനം എംബാങ്ക്മെന്റായ പദ്ധതി പരിസ്ഥിത സൗഹൃദമെന്ന് വാദിക്കാൻ ആർക്കുമാകില്ല. 532.19 കിലോമീറ്റർ ദൂരത്തിൽ 292.75 കിലോമീറ്ററും എംബാങ്ക്മെന്റും 101.74 കിലോമീറ്റർ (19.12 ശതമാനം) കട്ടിംഗും 24.79 കിലോ മീറ്റർ (4.66ശതമാനം കട്ട് ആൻഡ് കവർ എന്നിങ്ങനെയാണ് രൂപരേഖ.
തിരുവനന്തപുരം സെന്റർ ഫോർ എൻവിയോൺമെന്റ് സ്റ്റഡീസ് ആൻഡ് ഡെവലപ്മെന്റ് നടത്തിയ ദ്രുത പരിസ്ഥിതി ആഘാത പഠനത്തിൽ പാത കടന്നു പോകുന്ന സ്ഥലങ്ങളിലെ 164 ഇടങ്ങൾ ജല ശാസ്ത്രപരമായി സെൻസിറ്റീവ് ആണെന്നും ഇതു ഗുരുതരമായ ഹൈഡ്രോളജിക്കൽ ആഘാതം ഉണ്ടാക്കുമെന്നും ഭൂമിക്കടിയിൽ മണ്ണിന്റെ കുഴലുകൾ ഉണ്ടാവാനും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനും സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. യാതൊരു അനുമതിയുമില്ലാത്ത പദ്ധതിയുടെ പേരിൽ പോലീസും ഉദ്യോഗസ്ഥ സംഘവും സ്വകാര്യഭൂമിയിൽ കടന്നു കയറി നടത്തിയ അതിക്രമത്തെ പ്രതിരോധിച്ചതിന്റെ പേരിൽ വസ്തു ഉടമകളുടെമേൽ ചുമത്തിയ കേസുകൾ പിൻവലിക്കാനുള്ള സാമാന്യ മര്യാദയെങ്കലും സർക്കാർ കാട്ടണമെന്നും പുതുശേരി പറഞ്ഞു.