ക്ഷീരകര്ഷകയില്നിന്ന് കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടര്‍ അറസ്റ്റിൽ
1246311
Tuesday, December 6, 2022 10:31 PM IST
പത്തനംതിട്ട: ക്ഷീര കര്‍ഷകയില്‍ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് മൃഗാശുപത്രിയിലെ ഡോ. ബിലോണി ചാക്കോയാണ് ഇന്നലെ ഉച്ചയ്ക്ക് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ക്ഷീരകര്‍ഷകയുടെ 10 പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് ശരിയാക്കി നല്‍കാനാണ് ബിലോണി ചാക്കോ കൈക്കൂലി ആവശ്യപ്പെട്ടത്.
ചൊവ്വാഴ്ച കര്‍ഷകയുടെ വീട്ടില്‍ എത്തി പശുക്കളുടെ ചെവിയില്‍ ടാഗ് ഘടിപ്പിച്ച ശേഷമാണ് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. നേരത്തെ തന്നെ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതിനാല്‍ കര്‍ഷക വിവരം പത്തനംതിട്ട വിജിലന്‍സിനെ അറിയിച്ചിരുന്നു. പണം വാങ്ങിയ ഉടന്‍ വിജിലന്‍സ് സംഘം ഡോക്ടറെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 21ന് ഇതേ കര്‍ഷകയുടെ പശു ചത്തപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനും ഇയാള്‍ 2,500 രൂപ കൈക്കൂലി വാങ്ങിയിരുന്നതായി പറയുന്നു. എട്ടുമാസം മുമ്പാണ് ബിലോണി ചാക്കോ റാന്നി പെരുനാട് ആശുപത്രിയില്‍ എത്തിയത്.
എല്ലാ ക്ഷീരകര്‍ഷകരില്‍ നിന്നും എന്ത് ആവശ്യത്തിന് ചെന്നാലും പണം നിര്‍ബന്ധമായി വാങ്ങുന്നത് ബിലോണി ചാക്കോയുടെ പതിവാണെന്ന് നിരവധിപേര്‍ വിജിലന്സിനോടു് നേരിട്ട് പരാതി പറഞ്ഞു. അറസ്റ്റിലായ ഡോക്ടറെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് ഡിവൈഎസ്.പി ഹരിവിദ്യാധരന് അറിയിച്ചു.
ഇന്‍സ്പെക്ടര്‍മാരായ അഷറഫ്, രാജീവ്, അനില്‍കുമാര്‍, സബ്ഇന്‍സ്പെക്ടര്‍മാരായ ആര്.അനില്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ ഷാജി,രാജേഷ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.