പ്രളയത്തിൽ തകർന്ന റോഡിൽ ഗതാഗതം നിലച്ചിട്ട് ഒരുവർഷം
1246031
Monday, December 5, 2022 10:42 PM IST
തിരുവല്ല: പ്രളയത്തിൽ തകർന്ന റോഡിലൂടെ ഒരുവർഷമായിട്ടും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. തിരുവല്ല നഗരസഭ പതിനേഴാം വാർഡിലെ ഇരുവള്ളിപ്ര - അങ്കണവാടി റോഡാണ് ഇടിഞ്ഞു താഴ്ന്നിട്ടും നന്നാക്കാൻ നടപടിയില്ലാത്തത്.
350 ഓളം വീട്ടുകാരും ഇടമനത്തറ കോളനി നിവാസികളും അങ്കണവാടിയിൽ പോകുന്നവരും ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന പ്രധാനപ്പെട്ട റോഡിനാണ് ഈ ദുരവസ്ഥ.
റോഡ് തകർന്ന് ഗതാഗതം നിലച്ചതോടെ പ്രദേശവാസികൾ ഏറെ ദുരിതത്തിലാണ്. റോഡ് അടച്ചതോടെ ഈ ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യവുമേറി. റോഡ് ഇടിഞ്ഞുപോയ ഭാഗത്ത് പുറമേ നിന്നു ഇറച്ചി മാലിന്യങ്ങൾ ഉൾപ്പെടെ നിക്ഷേപിക്കുന്നത് പതിവായി. സമീപവാസികൾക്ക് ദുർഗന്ധം മൂലം പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. റോഡ് തകർന്നതുമൂലം ഗതാഗതം നിലച്ചതോടെ ബാക്കിയുള്ള ഭാഗങ്ങൾ കാടുകയറിയതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
റോഡിന്റെ അപകടാവസ്ഥ സംബന്ധിച്ച് അപായ സൂചന ബോർഡും വച്ചിട്ടില്ല. റോഡ് ഇടിഞ്ഞു കിടക്കുകയാണെന്നറിയാതെ എത്തിയ നിരവധി ആളുകൾ ഇതിനോടകം കുഴിയിൽ വീണു പരിക്കേറ്റു.
തിരുമൂലപുരം - കറ്റോട് റോഡിൽ ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതയോടു ചേർന്നുള്ള ഭാഗത്താണ് റോഡ് 30 മീറ്ററോളം ഇടിഞ്ഞു താഴ്ന്നത്.
തിരുവല്ല മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള റോഡ് പൂർവസ്ഥിതിയിലാക്കണമെന്ന് നഗരസഭ കൗൺസിലർമാരോടും സെക്രട്ടറിയോടും പ്രദേശവാസികൾ പലതവണ ആവശ്യപ്പെട്ടതാണ്. യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നഗരസഭ കാര്യാലയത്തിനു മുന്പിൽ സത്യഗ്രഹം ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്താൻ തീരുമാനിച്ചതായി കൺവീനർ വി.ആർ. രാജേഷ് പറഞ്ഞു.
തീരം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. തോമസ്, സെബാസ്റ്റ്യൻ വർഗീസ്, കെ.വൈ. യോഹന്നാൻ, സോജാ കാർഡോസ്, എം.ജി. സോമൻ പള്ളത്ത്, വർഗീസ് ജോയ്, സുരേഷ് ജോസഫ്, തങ്കച്ചൻ പുല്ലാഴി, കെ.വൈ. മത്തായി, മോനിച്ചൻ മുളമൂട്ടിൽ, ബിന്ദു മത്തായി, കുട്ടായി മുല്ലശേരി, തമ്പി നെടുംതറയിൽ, നിഷ മുല്ലശേരി, അല്ലേഷ് നെടുംതറയിൽ എന്നിവർ പ്രസംഗിച്ചു.