എമര്‍ജന്‍സി മെഡിക്കല്‍ കാര്‍ഡിന്റെ പ്രചാരകനാകാന്‍ ഹരിഹരന്
1245746
Sunday, December 4, 2022 10:47 PM IST
പത്തനംതിട്ട: സ്വന്തം വിവരങ്ങള്‍ പൂര്‍ണമായി എഴുതി ഒരു കാര്‍ഡ് കൈയിലുണ്ടെങ്കില്‍ ഒരു പക്ഷേ അതു ജീവന് രക്ഷാ ഉപാധിയായി മാറിയേക്കും. റിട്ടയേഡ് ഫയര്‍ ഫോഴ്സ് ഓഫീസര്‍ സി.എസ്. ഹരിഹരനാണ് ഇത്തരമൊരു ജീവന്‍രക്ഷാ കാര്‍ഡിന്റെ ഉപജ്ഞാതാവ്.
പൂര്‍ണമായ വിലാസം, ഫോണ്‍ നന്പരുകള്‍, അടുത്ത ബന്ധുക്കളുടെ ഫോണ്‍ നമ്പരുകള്‍, രക്തഗ്രൂപ്പ്, ശാരീരിക പ്രശ്നങ്ങള്‍, അലട്ടുന്ന രോഗങ്ങള്‍, ഉപയോഗിക്കുന്ന മരുന്നുകള്‍ ഇവയെല്ലാം ഉള്‍പ്പെടുത്തി ഫോട്ടോ പതിച്ച ഒരു കാര്‍ഡ് തയാറാക്കി എപ്പോഴും പോക്കറ്റില്‍ സൂക്ഷിക്കുന്നതിലൂടെയുള്ള നേട്ടമാണ് ഹരിഹരനു ചൂണ്ടിക്കാട്ടാനുള്ളത്. എമര്‍ജന്‍സി മെഡിക്കല്‍ കാര്‍ഡ് എന്ന പേര് നല്‍കിയിട്ടുള്ള ഇത്തരമൊരു കാര്‍ഡ് വര്‍ഷങ്ങളായി ഹരിഹരന്റെ പോക്കറ്റിലുണ്ട്. ഇംഗ്ലീഷിലാണ് കാര്‍ഡ് തയാറാക്കേണ്ടത്. ലോകത്ത് എവിടെയാണെങ്കിലും ആളെ തിരിച്ചറിയാനും വിവരങ്ങള്‍ അറിയാനും ഇതുപകരിക്കും. പെട്ടെന്നൊരു അപകടമോ മോഹാലസ്യമോ ഒക്കെ സംഭവിച്ചാല്‍ കാര്‍ഡ് കൈവശമുണ്ടെങ്കില്‍ അതിലെ വിവരങ്ങള്‍ അനുസരിച്ച് ചികിത്സ നടത്താനും ബന്ധുക്കളെ വിളിച്ചറിയിക്കാനുമൊക്കെ ഇത് പ്രയോജനപ്പെടും.
ശബരിമല തീര്‍ഥാടനത്തിന് എത്തുന്നവര്‍ ഇത്തരമൊരു കാര്‍ഡ് കൈയില്‍ കരുതണമെന്നു തന്നെയാണ് ഹരിഹരന്റെ അഭിപ്രായം. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍, വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ ഇവരൊക്കെയാണ് ശബരിമലയിലെത്തുന്നത്. പലപ്പോഴും അപകടങ്ങളില്‍ പെടുന്നവര്‍ക്ക് സഹായം നല്കാന് പോലും ആകാത്ത സാഹചര്യമുണ്ടാകുന്നുണ്ടെന്ന് പലതവണ ശബരിമല ഡ്യൂട്ടി ചെയ്തിട്ടുള്ള ഹരിഹരന് പറയുന്നു. ഭാഷ വശമാകാത്തതാണ് കാരണം. ഏറ്റവുമൊടുവില്‍ രണ്ടാഴ്ച മുമ്പ് ളാഹയിലുണ്ടായ വാഹനാപകടത്തില്പെട്ടവരുമായി സംസാരിക്കാന്‍ ഉദ്യോഗസ്ഥരടക്കം നന്നേ ബുദ്ധിമുട്ടുന്നതു കണ്ടപ്പോഴാണ് കാര്‍ഡിന്റെ ആവശ്യകതയേക്കുറിച്ച് പ്രചാരണം നടത്താന്‍ ഹരിഹരന് തീരുമാനിച്ചത്. അടിയന്തര ചികിത്സ വേണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ഈ കാര്‍ഡ് ഏറെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറയുന്നു.
കൈപ്പട്ടൂര്‍ സ്വദേശിയായ ഹരിഹരന് ഫയര്‍ഫോഴ്സ് സര്‍വീസിലുള്ളപ്പോള്‍ തന്നെ ഇത്തരമൊരു കാര്‍ഡിന്റെ ആവശ്യകത മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു.
അപകടങ്ങളില്പെടുന്നവരെയും മോഹാലസ്യപ്പെട്ടു കിടക്കുന്നവരെയുമൊക്കെ തിരിച്ചറിയുന്നതിലും അവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിലും അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു കാര്‍ഡിന്റെ ഉപജ്ഞാതാവാകാന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.