കാട്ടുമൃഗ ആക്രമണം പെരുകി ; സ്വൈരജീവിതം ഭീഷണിയില്‍
1245745
Sunday, December 4, 2022 10:47 PM IST
കണ്ടില്ലെന്നു നടിച്ചു
വനംവകുപ്പ്
പത്തനംതിട്ട: സാധാരണ ജനജീവിതത്തിനു ഭീഷണിയായി കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങിയപ്പോഴും വനംവകുപ്പ് നിസംഗതയില്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധിയാളുകള്‍ക്കാണ് കടുവ, കാട്ടുപന്നി എന്നിവയുടെ ആക്രമണം നേരിട്ടത്. കാട്ടാനയും പലേടങ്ങളിലും ഭീഷണിയായി മാറിയിട്ടുണ്ട്. കാട്ടുപന്നിയുടെ ശല്യമാണ് അസഹനീയം. പട്ടാപ്പകല്‍പോലും ഇവയുടെ ആക്രമണം പെരുകിയിരിക്കുകയാണ്. വീട്ടുപരിസരങ്ങളിലും കൃഷിയിടങ്ങളിലും കാട്ടുപന്നി ആക്രമണത്തിൽ നിരവധിയാളുകളാണ് പരിക്കേല്‍ക്കുന്നത്.
ഇത്തരം സംഭവങ്ങളില്‍ എഫ്ഐആറിടാന്‍ പോലും വനംവകുപ്പ് തയാറാകാറില്ല. പന്നി അടക്കമുള്ളവയുടെ ആക്രമണങ്ങള്‍ക്കു തെളിവില്ലെന്നാണ് പറയുന്നത്. ഇരുചക്രവാഹന യാത്രക്കാരെ ഇടിച്ചിട്ടതായി പരാതി നല്കിയാലും കേസെടുക്കാറില്ല. ആക്രമണത്തിനു ശേഷം പന്നി ഓടിപ്പോകുന്നതിനാല്‍ തെളിവ് ഇല്ലെന്ന വാദം നിരത്തുകയാണ് വനംവകുപ്പ് ചെയ്യുന്നത്.
തൊഴിലാളിയെ
തിരിഞ്ഞുനോക്കിയില്ല
കോട്ടമണ്‍പാറ വനത്തില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ തൊഴിലാളിയെ വനംവകുപ്പ് തിരിഞ്ഞുനോക്കിയില്ല. കൊച്ചാണ്ടി സ്വദേശി അനു കുമാറിനെ(42)യാണ് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ കടുവ ആക്രമിച്ചത്. വനമേഖലയില്‍ കെഎസ്ഇബിയുടെ കരാര്‍ ജോലിക്കിടെയായിരുന്നു ആക്രമണം. ടവര്‍ ലൈനിന്റെ അടിക്കാട് വെട്ടുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ അനുകുമാറിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയറിന്റെ ഭാഗത്തും തുടയിലും കടിയേറ്റിട്ടുണ്ട്.
സംഭവം അറിഞ്ഞു വനംവകുപ്പിലെ ഡെപ്യൂട്ടി റേഞ്ചര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കിയില്ല. ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന അനുകുമാറിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കു സര്‍ക്കാര്‍ വകുപ്പുകളുടെയോ ജനപ്രതിനിധികളുടെയും സഹായം ഉണ്ടായിട്ടില്ല.
സുരക്ഷ പാലിക്കാതെ കെഎസ്ഇബി
വനമേഖലയിലെ ജോലികള്‍ക്കുള്ള സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണ് കെഎസ്ഇബിയും വനംവകുപ്പും കരാര്‍ തൊഴിലാളികളെ നിയോഗിച്ചതെന്നു പറയുന്നു. കടുവ സംരക്ഷണ മേഖലയില്‍പെട്ട സ്ഥലത്തു ജോലിക്കാരെ കയറ്റിവിടുമ്പോള്‍ വനപാലകര്‍ അകമ്പടി പോകേണ്ടതാണ്. സംഭവത്തിനു തൊട്ടുമുമ്പു സ്ഥലത്തു കടുവയുടെ സാന്നിധ്യം വനപാലകര്‍ മനസിലാക്കിയിരുന്നെങ്കിലും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ വനംവകുപ്പ് മറന്നപ്പോള്‍ കെഎസ്ഇബിയാകട്ടെ കരാറുകാരെ ജോലി ഏല്പിച്ചു മടങ്ങുകയായിരുന്നു.
ശബരിഗിരി - പള്ളം വൈദ്യത ലൈനിന്റെ ജോലിയാണ് വനമേഖലയില്‍ നടന്നുവന്നത്.
വനമേഖലയിലെ നാലു കിലോമീറ്റര്‍ ഉള്ളിലാണ് സംഭവം ഉണ്ടായത്. പന്നിയെ ആക്രമിച്ചു കൊണ്ടിരുന്ന കടുവ പൊടുന്നനെ അനു കുമാറിനു നേരേ തിരിയുകയായിരുന്നു. നിലവിളി കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയാണ് രക്ഷപ്പെടുത്തിയത്.
ഏതു കാട്ടുപന്നി?
പെരുമ്പെട്ടിയില്‍ കഴിഞ്ഞയാഴ്ച പട്ടാപ്പകലാണ് വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചത്. പന്നിയാണ് ആക്രമിച്ചതെന്നതിനു തെളിവില്ലെന്ന വാദമാണ് വനംവകുപ്പിനുള്ളത്.
കഴിഞ്ഞ ബുധനാഴ്ച ഉന്നത്തോലി - തുങ്ങുപാല റോഡിലൂടെ നടന്നുവരികയായിരുന്ന ചിരട്ടോലില്‍ ലൈലാബീവിയെ (56)യാണ് പന്നി ആക്രമിച്ചത്. പാഞ്ഞെത്തിയ പന്നി ലൈലബീവിയെ ഇടിച്ചിട്ട ശേഷം കൈയില്‍ കുത്തുകയായിരുന്നു. അലറി വിളിച്ചതിനെത്തുടര്‍ന്നു കാട്ടുപന്നി ഓടിപ്പോയി. പരിക്കേറ്റ വീട്ടമ്മ റാന്നി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. എന്നാല്‍, വനംവകുപ്പില്‍നിന്നു യാതൊരു അന്വേഷണവും ഉണ്ടായില്ല.