പത്തനംതിട്ടയ്ക്കു മറക്കാനാകാത്ത കോടിയേരി ടച്ച്
1226978
Sunday, October 2, 2022 11:03 PM IST
പത്തനംതിട്ട: ആഭ്യന്തര ടൂറിസം മന്ത്രിയെന്ന നിലയില്‍ പത്തനംതിട്ട ജില്ലയുടെ വിവിധ മേഖലകളില്‍ വികസനരംഗത്ത് കൈയ്യൊപ്പു ചാര്‍ത്തിയ ആളാണ് കോടിയേരി ബാലകൃഷ്ണന്. ചുരുങ്ങിയകാലം കൊണ്ട് പത്തനംതിട്ടയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും തന്റെ വകുപ്പില്‍ നിന്നു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ രാഷ്ട്രീയത്തിനതീതമായി അദ്ദേഹം ചെയ്തു.
അനുമതി നല്കിയ പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് കൂടി അനുവദിച്ചിട്ടേ കോടിയേരിയുടെ ഓഫീസില്‍ നിന്ന് ഫയല്‍ നീങ്ങാറുള്ളൂവെന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റു ജനപ്രതിനിധികളും ചൂണ്ടിക്കാട്ടി.
മന്ത്രിയായിരിക്കേ 2009 ഡിസംബര്‍ രണ്ടിന് അദ്ദേഹം നടത്തിയ ശബരിമലയാത്രയും ശ്രദ്ധിക്കപ്പെട്ടു.
തീര്‍ഥാടനകാലത്ത് ശബരിമലയില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു ലക്ഷ്യം. ശബരിമല ഉന്നതാധികാരസമിതി അധ്യക്ഷന്‍ കെ. ജയകുമാറിനൊപ്പമാണ് സന്നിധാനത്തേക്കു നടന്നു നീങ്ങിയത്. കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാനും പിറ്റേന്നു ഉന്നതതല യോഗം വിളിച്ചു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞു. ശബരിമലയിലെ പോലീസ് സംവിധാനത്തെ കാര്യക്ഷമമാക്കുകയായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം. തീര്‍ഥാടകരുടെ സുരക്ഷയ്ക്കു പ്രധാന്യം നല്കി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശമാണ് അന്നത്തെ ആഭ്യന്തരമന്ത്രിക്കു പ്രധാനമായും നല്കാനുണ്ടായിരുന്നത്.
ടൂറിസം വകുപ്പില്‍ നിന്നു ലഭ്യമായ സഹായങ്ങള്‍ ശബരിമലയ്ക്കുവേണ്ടി ചെയ്യാനും അദ്ദേഹം സന്നദ്ധനായി.
ഏനാത്ത്, ഇലവുംതിട്ട, മലയാലപ്പുഴ എന്നിവിടങ്ങളില്‍ പുതിയ പോലീസ് സ്റ്റേഷന് നിര്‍ദേശങ്ങള്‍ പ്രാഥമികമായി അംഗീകരിച്ചത് അദ്ദേഹത്തിന്റെ ഭരണകാലയളവിലാണ്. ഇതില്‍ ഏനാത്ത് സ്റ്റേഷന് അന്നുതന്നെ യാഥാര്‍ഥ്യമാകുകയും ചെയ്തു. റാന്നി പോലീസ് സ്റ്റേഷനു പുതിയ കെട്ടിടത്തിന് 70 ലക്ഷം രൂപ അനുവദിച്ചിരുന്നു. അടൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിന് ഒരുകോടി രൂപയും അനുവദിച്ചു.
ടൂറിസം മേഖലയില്‍ ജില്ലയിലെ പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് ലഭിച്ചതും കോടിയേരിയുടെ ഭരണകാലയളവിലാണ്. ഡിടിപിസി നല്കിയ പദ്ധതികള്‍ അംഗീകരിച്ച് പെരുന്തേനരുവി, അരുവിക്കുഴി പദ്ധതികള്‍ അംഗീകരിച്ച് ഫണ്ട് അനുവദിച്ചു. നെടുംകുന്നുമല ടൂറിസം, ആങ്ങമൂഴി കുട്ടവഞ്ചി സവാരി, പോളച്ചിറ ടൂറിസം പദ്ധതി എന്നിവയ്ക്കും ഫണ്ട് അനുവദിച്ചു.
രാഷ്ട്രീയമായും
മുന്നണിയെ മുന്നിലെത്തിച്ചു
2009ലെ മണ്ഡല പുനര്‍വിഭജനത്തോടെ പത്തനംതിട്ട എല്‍ഡിഎഫിനു ബാലികേറാമലയാകുമോയെന്നു ഭയന്ന സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് ജില്ലയില്‍ പുതിയ ഒരു മുന്നേറ്റത്തിനു ചരടുവലിച്ചു.
മണ്ഡല പുനര്‍വിഭജനം തങ്ങള്‍ക്കാണ് അനുകൂലമെന്ന് അദ്ദേഹത്തിന്റെ ചില നിലപാടുകളിലൂടെ തെളിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം നേരിട്ട് കോടിയേരി നടത്തിയ ഇടപെടലുകളും തെരഞ്ഞെടുപ്പിലെ ഓരോ ഘട്ടത്തിലും മണ്ഡലങ്ങളിലെത്തി നടത്തിയ ആസൂത്രണവുമെല്ലാം എല്‍ഡിഎഫിനെ മുന്നിലെത്തിച്ചു. 2016ല്‍ നാല് സീറ്റിലും പിന്നാലെ ഉപതെരഞ്ഞെടുപ്പിലൂടെ അഞ്ച് സീറ്റിലും എല്‍ഡിഎഫ് ജയിച്ചു കയറി. 2021ല്‍ അഞ്ച് മണ്ഡലങ്ങളും ഒപ്പം നിര്‍ത്തി. കഴിഞ്ഞതവണ റാന്നി നഷ്ടപ്പെടുമോയെന്ന ആശങ്ക ഉയര്‍ന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി നേരിട്ട് റാന്നിയിലെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്കി. സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ 2019ല്‍ അദ്ദേഹം നടത്തിയ കേരള യാത്രയിലൂടെ ഒട്ടേറെ ആളുകളെ സ്വാധീനിക്കാന്‍ വഴിതെളിച്ചു. ജില്ലയിലെ വിവിധ ക്രൈസ്തവസഭാ നേതാക്കളുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചകളും പിന്നീടു നിലനിര്‍ത്തിവന്ന ബന്ധങ്ങളും സിപിഎം നേതാക്കള്‍ക്കിടയില്‍ കോടിയേരിയ വ്യത്യസ്തനായി കാണാനിടയാക്കി.
തിരുവല്ല പെരിങ്ങരയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് സന്ദീപിന്റെ വീട്ടിലെത്തി കുടുംബസഹായനിധി വിതരണം ചെയ്തതാണ് കോടിയേരി ബാലകൃഷ്ണ്‍ ജില്ലയില്‍ അവസാനമായി പങ്കെടുത്ത പൊതുചടങ്ങ്. ആ കുടുംബത്തിന്റെ ദുഃഖം ഏറ്റെടുത്ത് അന്നു നടത്തിയ സന്ദര്‍ശനവും പ്രസംഗവുമെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ മറന്നിട്ടില്ല. സന്ദീപിന്റെ ഭാര്യയ്ക്ക് തിരുവല്ല അധ്യാപക സഹകരണസംഘത്തില്‍ ജോലി തരപ്പെടുത്തി നല്കിയതും സംസ്ഥാന സെക്രട്ടറിയുടെ ഇടപെടലിലാണ്.