ലഹരിക്കെതിരേ കുട്ടികളെ അണിനിരത്തി "യോദ്ധാവ് '
1225532
Wednesday, September 28, 2022 10:14 PM IST
പത്തനംതിട്ട: ലഹരിമരുന്ന് വില്പനയും ഉപയോഗവും തടയുകയെന്ന ലക്ഷ്യത്തോടെ പോലീസ് നടത്തിവരുന്ന "യോദ്ധാവ്' ബോധവത്കരണ പരിപാടികള്‍ക്ക് കുട്ടികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത. കഴിഞ്ഞ13നാണ് ജില്ലയില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
9995966666 എന്ന യോദ്ധാവ് വാട്സാപ്പ് നമ്പര്‍ പൊതുജനങ്ങള്‍ക്ക് ലഹരിവസ്തുക്കളുടെ ഉപയോഗം, വില്പന, കടത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാവുന്നവിധം ഏര്‍പ്പെടുത്തി. സന്ദേശം ടെക്സ്റ്റ് ആയോ, ശബ്ദമായോ, വീഡിയോ രൂപത്തിലോ, ചിത്രങ്ങളായോ അറിയിക്കാവുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി റെസിഡന്റ്സ് അസോസിയേഷനുകളെ ഉള്‍പ്പെടുത്തി 18 ആന്റി നര്‍കോട്ടിക് ക്ലബുകള്‍ രൂപീകരിച്ചു. പദ്ധതി തുടങ്ങി ഇതുവരെ സ്കൂളുകളില്‍ 113 ഉം, കോളജുകളില്‍ മുപ്പത്തഞ്ചും ക്ലബുകളാണ് രൂപീകരിച്ചത്.
പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അധ്യാപകരെയാണ് "യോദ്ധാവ്' എന്ന പേരില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ 148 "യോദ്ധാക്കളാ'ണ് ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. റിസോഴ്സ്പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട പോലീസ്, എക്സൈസ്, സാമൂഹിക നീതിവകുപ്പ്, ആരോഗ്യം, എന്‍ജിഒമാര്‍ എന്നിവര്‍ക്ക് ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടര്‍ സഭാഹാളില്‍ ദ്വിദിന പരിശീലനം നല്കി. 29 ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്ക് ഏകദിന പരിശീലനവും നല്കി. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍ക്ക് അഞ്ച് ദിവസത്തെ പരിശീലനം ലഭ്യമാക്കി.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനില്‍പ്പെട്ട സ്ഥലങ്ങളില്‍ വ്യത്യസ്തമായ പൊതുപരിപാടികള്‍ നടത്തി. 15 സ്ഥലങ്ങളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ പൊതുജനങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തി.
വിദ്യാലയ ചുറ്റളവില്‍ പരിശോധന; 11 കേസുകള്‍, 11 അറസ്റ്റ്
പത്തനംതിട്ട: ലഹരിക്കെതിരേയുള്ള നടപടികളുടെ ഭാഗമായി വിദ്യാലയങ്ങളുടെ 200 മീറ്ററിനുള്ളിലെ കടകള്‍ കേന്ദ്രീകരിച്ച് പോലീസ് റെയ്ഡുകള്‍ വ്യാപകമായി. കഴിഞ്ഞയാഴ്ച 114 റെയ്ഡുകള്‍ ജില്ലയില്‍ നടത്തിയതില്‍ കഞ്ചാവ്, നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്ത് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 11 പേര് അറസ്റ്റിലായി, 17.16 ഗ്രാം കഞ്ചാവ് ഉള്‍പ്പെടെ പിടികൂടി. ആന്റി നര്‍കോട്ടിക് ഡോഗിന്റെ സഹായത്തോടെ ബസുകളില്‍ പരിശോധന നടത്തി. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടന്നു.
ലഹരിമരുന്നുകളുടെ വിപത്തില്‍ നിന്നും നാടിനെ രക്ഷിക്കുന്നതിനുള്ള യോദ്ധാവ് ബോധവത്കരണ കാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തില്‍ തുടര്‍ന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് പറഞ്ഞു.
വിവരങ്ങള്‍ കൈമാറാം
9995966666 എന്ന യോദ്ധാവ് വാട്സാപ്പ് നമ്പറിലൂടെ പൊതുജനങ്ങള്‍ക്ക് ലഹരിവസ്തുക്കളുടെ ഉപയോഗം, വില്പന, കടത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാം. സന്ദേശം ടെക്സ്റ്റ്ആയോ, ശബ്ദമായോ, വീഡിയോ രൂപത്തിലോ, ചിത്രങ്ങളായോ അറിയിക്കാവുന്ന വിധത്തിലാണ് സംവിധാനം.