ഒരു മരണം, വാക്സിൻ സ്വീകരിച്ചവർ 10,806
1225256
Tuesday, September 27, 2022 10:44 PM IST
പത്തനംതിട്ട: ജില്ലയിൽ പേ വിഷ ബാധയ്ക്കെതിരേ ഇക്കൊല്ലം ഇതേവരെ 10,806 പേർ വാക്സിൻ സ്വീകരിച്ചു. പെരുനാട്ടിലെ അഭിരാമി (12)യുടെ മരണം മാത്രമാണ് പേവിഷ ബാധയേറ്റ് ഇക്കൊല്ലം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വളർത്തുമൃഗങ്ങൾക്കടക്കം പേ വിഷബാധയേറ്റ് ചത്ത സംഭവങ്ങളും ഇക്കൊല്ലം കൂടുതലായി റിപ്പോർട്ട് ചെയ്തുവരുന്നു.
2021 ൽ 11,350 പേരാണ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്. കഴിഞ്ഞ വർഷവും ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു.
40 ശതമാനം ആളുകൾക്കം പേവിഷ ബാധയേൽക്കുന്നതും വളർത്തു നായ്ക്കളിൽ നിന്നാണ്. വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കും പ്രതിരോധ കുത്തിവയ്പുകൾ പുരോഗമിക്കുകയാണ്. 38,000 പ്രതിരോധ വാക്സിനുകൾ ഈ മാസം ഇതേവരെ വളർത്തുമൃഗങ്ങൾക്കു നൽകിയതായി ജി്ല്ലാ മൃഗസംരക്ഷണ ഓഫീസർ കെ. ജ്യോതിഷ് ബാബു പറഞ്ഞു. തെരുവുനായ്ക്കളെ പിടികൂടി കുത്തിവയ്പ് നൽകാനുള്ള പദ്ധതി ഉടൻ ആരംഭിക്കും. നായയെ പിടിക്കുന്നതിനായി നിരണം ഡക്ക്ഫാമിൽ പരിശീലനം ആരംഭിച്ചു. 50 പേർ പങ്കെടുക്കുന്നുണ്ട്.
പേ വിഷബാധ സ്ഥിരീകരിക്കാൻ നായ ചാകണം
പേ വിഷ ബാധ സ്ഥിരീകരിക്കണമെങ്കിൽ ലക്ഷണമുള്ള നായ ചത്തശേഷമേ സാധ്യമാകൂ. ലക്ഷണമുള്ള നായയെ സംരക്ഷിച്ചു മാറ്റി നിർത്തുക മാത്രമാണ് പോംവഴിയെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പേ വിഷബാധയുണ്ടെങ്കിൽ ഈ നായ ഒരാഴ്ചയ്ക്കുള്ളിൽ ചാകും. ഇത്തരത്തിൽ നായ ചത്താൽ അതിന്റെ ജഡം പോസ്റ്റുമോർട്ടം നടത്തുന്പോഴാണ് പേ വിഷ ബാധ സ്ഥിരീകരിക്കുന്നത്.
തിരുവല്ലയിലെ മൃഗപരിശോധന ലാബിൽ ഇതിനുള്ള സൗകര്യമുണ്ട്. നായയുടെ തലയോട്ടിയിൽ നിന്നുള്ള സ്രവം ശേഖരിച്ചാണ് പേ വിഷബാധ തിരിച്ചറിയുന്നത്. തിരുവല്ല മഞ്ഞാടിയിലെ ലാബിൽ ഇക്കൊല്ലം ഇത്തരത്തിൽ നടത്തിയിട്ടുള്ള പരിശോധനകളിൽ മുൻവർഷങ്ങളേക്കാൾ പേ വിഷബാധ കൂടുതലായി സ്ഥിരീകരിച്ചിട്ടുണ്ട്.
നായ്ക്കൾ
ആക്രമണകാരികൾ
കോവിഡിനുശേഷം തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ ഏറിയിട്ടുണ്ടെന്നും മൃഗസംരക്ഷണവകുപ്പ്. നായ്ക്കളിൽ പേ വിഷബാധ ഏറുന്നതും ആക്രമണകാരികളായി മാറുന്തനുമാണ് സ്ഥിതിഗതികൾ രൂക്ഷമാക്കുന്നത്. പ്രതിരോധ കുത്തിവയ്പിലൂടെ നായ്ക്കളെ പേ വിഷബാധയിൽ നിന്നു സംരക്ഷിക്കുകയാണ് പോംവഴി.
പത്തനംതിട്ട, അടൂർ, തിരുവല്ല നഗരഭ പ്രദേശങ്ങളിലാണ് മനുഷ്യർക്കു നേരേ നായ്കളുടെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. ഫുട്പാത്തുകളിലും ബസ് സ്റ്റാൻഡുകളിലും തന്പടിച്ചിരുന്ന നായ്ക്കൾ കാൽനടയാത്രക്കാരെ ആക്രമിക്കുന്ന സംഭവങ്ങളാണ് കൂടുതലായി റിപ്പോർട്ട് ചെയ്തത്.
കുമ്പഴ, റാന്നി പെരുനാട്, പള്ളിക്കൽ, ആറൻമുള, ഏറത്ത്, വടശേരിക്കര, കോയിപ്രം , ഓമല്ലൂർ പഞ്ചായത്തുകളിൽ നിന്നും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൂടുതലായി മൃഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ഈ സ്ഥലങ്ങളെല്ലാം ഹോട്ട് സ്പോട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.