റാന്നി: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി 27ന് റാന്നി നിയോജക മണ്ഡലത്തിൽ പൊതുശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനം.
റാന്നി, മല്ലപ്പള്ളി താലൂക്കുകളിലെ കൺട്രോൾ റൂമുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനമായി. മഴക്കാലം ആരംഭിക്കുന്നതിനു മുന്പ് രോഗപ്രതിരോധം, പ്രളയ പ്രതിരോധം, രക്ഷാപ്രവർത്തനം ഉൾപ്പെടെ വിവിധ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചത്.
പൊതുഇടങ്ങൾ, വീടുകൾ, നിരത്തുകൾ ഉൾപ്പെടെ വൃത്തിയാക്കണം. ഇതിന് വിവിധ വകുപ്പ് അധികൃതരും ജനപ്രതിനിധികളും മുൻകൈയെടുക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള റാന്നി വലിയ തോട്ടിലെ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് മൈനർ ഇറിഗേഷൻ അധികൃതരോട് എംഎൽഎ ആവശ്യപ്പെട്ടു. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കണം. എല്ലാ വില്ലേജുകളിലും കൺട്രോൾ റൂം തുറക്കുവാൻ വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകി. ഉരുൾപൊട്ടൽ ഭീഷണിയുള്ള ബിമ്മരം, അറയാഞ്ഞിലിമണ്ണ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ ജനങ്ങളെ പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ മാറ്റി പാർപ്പിക്കാനും ഇവർക്കായി ക്യാമ്പുകൾ കണ്ടെത്താനും നിർദ്ദേശിച്ചു. ഹോട്ടലുകളിൽ മായം ചേർന്ന ഭക്ഷണം നൽകുന്നവർക്കെതിരേ കർശന നടപടിയെടുക്കാനും എംഎൽഎ നിർദേശം നൽകി. പമ്പ, മണിയാർ, കക്കാട്ടാർ എന്നിവിടങ്ങളിലെ മൺപുറ്റുകൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കണം.മൺപുറ്റുകൾ നീക്കം ചെയ്യുന്നത് നിക്ഷേപിക്കുന്നതിനുള്ള സ്ഥലം അതാത് പഞ്ചായത്ത് കണ്ടെത്തി നൽകാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
തഹസീൽദാർമാരായ കെ. നവീൻ ബാബു (റാന്നി), എ.ടി. ജയിംസ് (മല്ലപ്പള്ളി), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ഗോപി, സാറാമ്മ ചാക്കോ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. മോഹനൻ, ടി.കെ. ജയിംസ്, കെ.ആർ. സന്തോഷ്, ബിനു ജോസഫ്, ശോഭ ജോൺ, അനിത അനിൽകുമാർ, ശോഭ ചാർലി, ബിന്ദു റെജി, ലതാ മോഹൻ, പ്രകാശ് പി. സാം, അനിത കുറിപ്പ്, ബീനാ ജോബി എന്നിവർ പ്രസംഗിച്ചു.