പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും സമയബന്ധിതമായി നടപടിയെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമനുസരിച്ച് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് രൂപീകരിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ സുഗമമായി നടപ്പാക്കുന്നതിന് ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ ആന്റിഡിഫേസ്മെന്റ് സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. സ്പെഷൽ തഹസിൽദാർ കെ.എച്ച്. മുഹമ്മദ് നവാസിനെ ഹരിത പെരുമാറ്റച്ചട്ടത്തിനുള്ള ജില്ലാ നോഡൽ ഓഫീസറായും നിയമിച്ചു.
തെരഞ്ഞെടുപ്പ് ഘടന അനുസരിച്ച് ഉദ്യോഗസ്ഥരെയും സിവിൽ പോലീസ് ഓഫീസറിനെയുമാണ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിൽ നിയമിച്ചത്.
നിയോജകമണ്ഡലങ്ങളിൽ സ്ക്വാഡുകളുടെ ചുമതല ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കാണ്. തിരുവല്ല- ജോസ് ഈപ്പൻ (പെരിങ്ങര), റാന്നി - സുധാകുമാരി (റാന്നി), ആറന്മുള - ഷാജി എ.തന്പി (കോഴഞ്ചേരി), കോന്നി - എ.സനൽകുമാർ (അരുവാപ്പുലം), അടൂർ - ബി.സുനിൽ (ഏനാദിമംഗലം) എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.
പണം ഒഴുക്ക് കണ്ടെത്താനും സമിതി
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവുകൾ നിരീക്ഷിക്കാൻ സ്റ്റാറ്റിക് സർവെയ്ലൻസ് ടീമിനെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമവിരുദ്ധമായ പണമിടപാടുകൾ കണ്ടെത്തുന്നതിനും പ്രശ്നസാധ്യത സ്ഥലങ്ങൾ, ഉൾപ്രദേശങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനും, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അനധികൃത മദ്യം കൈവശം വയ്ക്കൽ, കൈക്കൂലി, വലിയ അളവിൽ പണം സൂക്ഷിക്കൽ, ആയുധങ്ങൾ, വെടിമരുന്ന്, സാമൂഹിക വിരുദ്ധരുടെ ഇടപെടൽ തുടങ്ങിയവ നിരീക്ഷിക്കുന്നത് സംഘത്തിന്റെ ചുമതലയാണ്. ഓരോ ടീമും അവരുടെ റിട്ടേണിംഗ് ഓഫീസർമാരുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമായിരിക്കും പ്രവർത്തിക്കുക. സ്റ്റാറ്റിക് സർവെയ്ലൻസ് ടീമിന്റെ ലീഡർ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായി പ്രവർത്തിക്കും. വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ ഇവരുടെ പ്രവർത്തനം ഉണ്ടാകും. നിയോജകമണ്ഡലങ്ങളിൽ എൽആർ തഹസീർദാർമാർക്കാണ് ടീമിന്റെ ചുമതല.
തിരുവല്ല - കെ.എം മുരളീധരൻപിള്ള, റാന്നി - ഒ.കെ. ഷൈല, ആറന്മുള - മിനി കെ.തോമസ്, കോന്നി - ആർ.സുരേഷ്കുമാർ, അടൂർ - ഷാജഹാൻ റാവുത്തർ.