കരുനാഗപ്പള്ളി: ഇടതുപക്ഷം മാത്രം വിജയിച്ചിട്ടുള്ള ഡിവിഷനാണ് തൊടിയൂർ. അമ്പിളി തമ്പാനാണ് ഈ ഡിവിഷനിൽ നിന്നും ആദ്യം ജില്ലാ പഞ്ചായത്തിലെത്തിയത്. തുടർന്ന് ആർ.രാമചന്ദ്രനും, കെ.ദേവകിയും കെ.പി.വേണുഗോപാലും ശ്രീലേഖാ വേണുഗോപാലും തൊടിയൂരിനെ പ്രതിനിധീകരിച്ചു. കെ.പി.വേണുഗോപാൽ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ മരിച്ച ഒഴിവിലേക്ക് നടത്തിയ ഉപതെരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്റെ ഭാര്യ ശ്രീലേഖാ വേണുഗോപാൽ ആദ്യം ജില്ലാ പഞ്ചായത്ത് അംഗമായത്. തൊട്ടടുത്ത തവണയും ശ്രീലേഖാ വേണുഗോപാൽ തന്നെ വിജയിച്ചു.
തൊടിയൂർ പഞ്ചായത്ത് പൂർണമായും 22 വാർഡുള്ള മൈനാഗപ്പള്ളി പഞ്ചായത്തിലെ 21 വാർഡും, പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ 1,2,3 വാർഡുകളും തഴവ പഞ്ചായത്തിലെ 17-ാം വാർഡും ഉൾപ്പെടുന്നതാണ് തൊടിയൂർ ഡിവിഷൻ. ഇതിൽ എല്ലാ പഞ്ചായത്തും നിലവിൽ എൽഡിഎഫാണ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് സ്ഥാനാർഥി അനിൽ എസ്. കല്ലേലിഭാഗം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കരുനാഗപ്പള്ളി ബോയ്സ് എച്ച്എസിൽ പഠിക്കുമ്പോൾ എഐഎസ്എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. സ്കൂൾ ലീഡറായിരുന്നു. നിയമ ബിരുദധാരിയാണ്. എഐഎസ്എഫ് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, എഐവൈഎഫ്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കേന്ദ്ര കശുവണ്ടി കൗൺസിൽ താലൂക്ക് യൂണിയൻ വർക്കിംഗ് പ്രസിഡന്റ്, എൻആർഇജി വർക്കേഴ്സ് യൂണിയൻ മണ്ഡലം പ്രസിഡന്റ്, കേരളാ പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്ത് ഓച്ചിറ ഡിവിഷൻ അംഗമായിരുന്നു.
എന്നാൽ നിലവിലുള്ള ദേശീയ, സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. ഇക്കുറി ആർഎസ്പിയിലെ പി.അനിൽകുമാർ യുഡിഎഫ് സാരഥി. ശക്തമായ എതിരാളിയെ നിർത്തി മണ്ഡലം പിടിച്ചെടുക്കും എന്ന വാശിയിലാണ് പ്രവർത്തകർ. ആർഎസ്പിയുടെ വിദ്യാർഥി സംഘടനയായ പിഎസ്യുവിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. പിഎസ്യു കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി, ആർവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2000-2005 കാലയളവിൽ തൊടിയൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. നിലവിൽ ആർഎസ്പി ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. നിരവധി സാംസ്കാരിക സാമൂഹിക സംഘടനകളിലും സജീവ പ്രവർത്തകനാണ്.
എന്നാൽ ശക്തമായ ത്രികോണ മൽസരത്തിന് സാക്ഷിയാവുകയാണ് തൊയൂർ മണ്ഡലം ഇവിടെ എൻ ഡി എ സ്ഥാനാർഥിയായി ബിനോയ് ജോർജ് ആണ് മൽസരിക്കുന്നത്.
28 വർഷമായി ബിജെപിയുടെ സജീവ പ്രവർത്തകനാണ്. വാർഡ് പ്രസിഡന്റ്, മൈനാഗപ്പള്ളി പഞ്ചായത്ത് ജനറൽ സെക്രട്ടറി, ന്യുനപക്ഷ മോർച്ച കുന്നത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ന്യുനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. കേരള ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, കേരള ലാൻഡ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.