പോലീസിനെ വെട്ടിച്ച് കടന്ന പ്രതിയെ കണ്ടെത്തിയില്ല
1512450
Sunday, February 9, 2025 5:59 AM IST
കൊല്ലം: ജയിലിൽ എത്തിക്കാനായി കൊണ്ടു പോകുന്പോൾ പോലീസ് സംഘത്തെ വെട്ടിച്ച് കടന്ന റിമാൻഡ് പ്രതിയെ കണ്ടെത്താനായില്ല.
തങ്കശേരി സ്വദേശി സാജനാണ് (23) പോലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. കൊല്ലം ജില്ലാ ജയിലിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം 6.45 ഓടെയാണ് സംഭവം. മൊബൈൽ ഫോൺ മോഷണ കേസിൽ പള്ളിത്തോട്ടം പോലീസ് സാജനെ അറസ്റ്റ് ചെയ്തിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. തുടർന്ന് ജയിലിനു മുന്നിലെത്തിച്ചു. വിലങ്ങ് അഴിക്കവേ ഇയാൾ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
ആനന്ദവല്ലീശ്വരം ക്ഷേത്ര പരിസരത്തേയ്ക്കാണ് ഇയാൾ ഇരുളിന്റെ മറവിൽ ഓടിയത്. ഒപ്പമുണ്ടായിരുന്ന പോലീസുകാർ പിന്തുടർന്നുവെങ്കിലും പിടികൂടാൻ സാധിച്ചില്ല. രാത്രി വൈകി പോലീസുകാർ നിരവധി സംഘങ്ങളായി തിരിഞ്ഞ് നഗരം മുഴുവൻ അരിച്ച് പെറുക്കിയെങ്കിലും കണ്ടെത്താനായില്ല.
ഇയാളെ പിടികൂടുന്നതിനായി ഇന്നലെയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസ്പരിശോധന നടത്തിയെങ്കിലും കിട്ടിയില്ല.