കടൽ മണൽ ഖനനം: ടെൻഡർ ക്ഷണിച്ചത് പിൻവലിക്കണം
1512040
Friday, February 7, 2025 6:14 AM IST
കൊല്ലം: വർക്കല മുതൽ അമ്പലപ്പുഴ വരെ അറബിക്കടലിൽ 242 ചതുരശ്ര കിലോമീറ്റർ പരപ്പിൽ കടൽ കുഴിച്ച് മണൽഖനനം നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ.പി. ജർമിയാസ് ആവശ്യപ്പെട്ടു.
കേന്ദ്ര ഖനി മന്ത്രാലയം കടൽ മണൽ ഖനനത്തിനുള്ള ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. 10 ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കുന്ന തീരുമാനമാണിത്. കേരളം, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നാണ് ആദ്യഘട്ട ഖനനം.
നെയ്മീൻ, കിളിമീൻ, അയല,റെഡ് ടൈഗർ, ബ്ലാക്ക് ടൈഗർ പുല്ലൻ പൂവാലൻ ചെമ്മീനുകൾ അടക്കം കോടികളുടെ സമുദ്രോല്പന്നമാണ് ഇവിടെ നിന്ന് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ച് ഇന്ത്യക്ക് വിദേശ നാണ്യം നേടിത്തരുന്നത്. ഇതിനെ തകർക്കുന്ന നടപടിയാണിതെന്ന് ജർമിയാസ് കുറ്റപ്പെടുത്തി.