സിദ്ധാർഥ സാഹിത്യ ക്യാമ്പ് നാളെ ആരംഭിക്കും
1512035
Friday, February 7, 2025 6:07 AM IST
കൊല്ലം: സിദ്ധാർഥ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന സാഹിത്യ ക്യാമ്പ് നാളെ ആരംഭിക്കും. രാവിലെ 10 ന് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം നിർവഹിക്കും. പള്ളിമൺ സിദ്ധാർഥ ഗ്രീൻ കാമ്പസിൽ നടക്കുന്ന ക്യാമ്പിൽ തെരഞ്ഞെടുത്ത35 എഴുത്തുകാർ പങ്കെടുക്കും.
കഥ, കവിത, നിരൂപണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ക്ലാസുകൾ, സംവാദം, ഓപ്പൺ ഫോറം, പുസ്തക പരിചയം, കലാപരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായുണ്ടാകും. പ്രസന്ന രാജൻ, എം.ബി. മനോജ്, രോഷ്നി സ്വപ്ന, ജയൻ മഠത്തിൽ, കെ. സജീവ്കുമാർ, രതീഷ് ഇളമാട്, ഡോ. മുഹമ്മദ് കബീർ എന്നിവർ ക്ലാസുകൾ നയിക്കും. പൊതുജനങ്ങൾക്ക് എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരവുമുണ്ടാകും.
സിദ്ധാർഥ ഫൗണ്ടേഷൻ അവാർഡ് ലഭിച്ച വി. ഷിനിലാലിന് പ്രസന്ന രാജൻ അവാർഡ് നൽകും. ഷിനിലാലിന്റെ ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്. രാജീവ് ചാത്തിനാംകുളത്തിന് സ്പെഷൽ ജൂറി പുരസ്കാരം നൽകും. ഒമ്പതിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന ചടങ്ങിൽ സിദ്ധാർഥ ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് ക്യാമ്പംഗങ്ങൾക്ക് സർട്ടിഫിക്കറ്റും മൊമന്റോയും വിതരണം ചെയ്യും. ഇളവൂർ ശ്രീകുമാറാണ് ക്യാമ്പ് ഡയറക്ടർ.
പത്രസമ്മേളനത്തിൽ സിദ്ധാർഥ ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർഥ, ക്യാമ്പ് ഡയറക്ടർ ഇളവൂർ ശ്രീകുമാർ കോ- ഓർഡിനേറ്റർ പള്ളിമൺ പ്രേംഷാജ്, ജയൻ മഠത്തിൽ എന്നിവർ പങ്കെടുത്തു.