മദ്രസകൾക്ക് എതിരായ നീക്കം ഭരണഘടനാ വിരുദ്ധം: കൊടിക്കുന്നിൽ
1461436
Wednesday, October 16, 2024 5:24 AM IST
കുണ്ടറ: മദ്രസകൾക്കെതിരേ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ( എൻസിപിസിആർ) നടത്തുന്ന നടപടി ഭരണഘടനാ വിരുദ്ധവും കേന്ദ്ര സർക്കാരിന്റെ സമുദായവിരുദ്ധ അജൻഡയുടെ ഭാഗവുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
പൗരന്മാർക്ക് തങ്ങളുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനും, സംസാരിക്കാനും, വിദ്യാഭ്യാസം നേടാനും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഓരോ പൗരന്റേയും വിശ്വാസത്തിൽ ജീവിക്കാൻ തങ്ങളുടെ മതവിശ്വാസം അനുസരിച്ച് വിദ്യാഭ്യാസം നേടാൻ ഭരണഘടന നൽകിയ അവകാശം അനുസരിച്ചാണ് മദ്രസകൾ പ്രവർത്തിക്കുന്നത്.
നല്ല മുസ്ലിങ്ങളും നല്ല പൗരന്മാരുമാക്കി വളർത്തുന്ന സ്ഥാപനങ്ങളാണ് മദ്രസകൾ. ഈ സ്ഥാപനങ്ങളെ രാഷ്ട്രവിരുദ്ധമെന്ന് ചിത്രീകരിക്കുന്നത് തെറ്റായതും ദുഷ്ടപ്രേരിതവുമാണ്. സമുദായത്തിന്റെ ആത്മീയവും പൗരസംബന്ധവുമായ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമായ മദ്രസകളെ നശിപ്പിക്കാനുള്ള നീക്കങ്ങൾ തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.