️തെരുവ് നായയുടെ കടിയേറ്റ് വിദ്യാർഥിനിക്ക് പരിക്ക്
1461426
Wednesday, October 16, 2024 5:15 AM IST
ചവറ: തെരുവ് നായ ആക്രമണത്തിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് പരിക്ക്. പനയന്നാർകാവ് എസ് വിപിഎംഎച്ച്എസ് സ്കൂളിലെ വിദ്യാർഥിനി ഉഷാ മന്ദിരത്തിൽ റിയാ അനിലിനാണ് കടിയേറ്റത്. വടക്കും തല പറമ്പിമുക്കിന് സമീപമായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് പോകാനായി വീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് ഇറങ്ങുമ്പോഴായിരുന്നു ഓടി വന്ന നായ റിയയുടെ കാലിന് കടിച്ചത്.
പെൺകുട്ടിയുടെ ബഹളം കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമീപത്തെ രണ്ട് സർക്കാർ ആശുപത്രികളിൽ എത്തിച്ചെങ്കിലും പേവിഷ പ്രതിരോധ കുത്തിവയ്പ് ലഭ്യമായില്ലെന്ന് പരാതി ഉയർന്നു. തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.