ഇന്ത്യന്‍ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി
1460783
Saturday, October 12, 2024 5:50 AM IST
ചവറ: മുക്കു പണ്ടം പണയം വച്ച് അപ്രൈസറും ഉപഭോക്താക്കളും ലക്ഷങ്ങൾ തട്ടിയെടുത്തതായി ബാങ്ക് മാനേജരുടെ പരാതി. തേവലക്കരയിലെ ഇന്ത്യന്‍ ബാങ്കിലെ അപ്രൈസറായ തേവലക്കര പാലയ്ക്കല്‍ തെക്കടത്ത് കിഴക്കതില്‍ അജിത് വിജയനെതിരേയും ഉപഭോക്താക്കളായ ആറ് പേര്‍ക്കെതിരേയും ആണ് ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തത്.
86.25 ലക്ഷം രൂപയുടെ തട്ടിപ്പാണ് ബാങ്ക് അധികൃതര്‍ കണ്ടെത്തിയത്. 2023 ജൂണ്‍ മൂന്നിനും കഴിഞ്ഞ മാസം 27 നുമിടയിലാണ് തട്ടിപ്പ് നടന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബാങ്കിലെ നിശ്ചിത ഇടവേളകളിലുള്ള സ്വാഭാവിക പരിശോധനയിലാണ് പണയ സ്വര്‍ണം മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. പണയം വയ്ക്കാന്‍ ബാങ്കിലെത്തുന്നവരുടെ കൈയില്‍ നിന്ന് അവര്‍ ഒപ്പ് വച്ച രേഖകള്‍ ഉപയോഗിച്ചാണ് അപ്രൈസറുടെ തട്ടിപ്പ്.
ഇവരുടെ രേഖകള്‍ ഉപയോഗിച്ച് മുക്കുപണ്ടം പണയം വച്ച് ഉപഭോക്താക്കള്‍ അറിയാതെ ഇവരുടെ പേരില്‍ അപ്രൈസര്‍ തട്ടിപ്പ് നടത്തിയതെന്നാണ് നിഗമനം.
ഉപഭോക്താക്കള്‍ നല്കിയ രേഖകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടന്നതിനാല്‍ ബാങ്കില്‍ പണയം വയ്ക്കാനെത്തിയവരും അപ്രൈസറും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് എന്ന നിലയിലാണ് ബാങ്ക് മാനേജര്‍ പോലീസില്‍ പരാതി നല്‍കിയത്. മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അജിത് വിജയനെക്കൂടാതെ പണയം വച്ച ആറ് പേരുടെ പേരിലും കേസെടുത്തിട്ടുണ്ട്. തേവലക്കര സ്വദേശികളായ അഞ്ചുപേരുടേയും ശൂരനാട് സ്വദേശിയായ ഒരാളുടേയും പേരിലാണ് തട്ടിപ്പ് നടന്നത്.
ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇതില്‍ പങ്കില്ലെന്ന പ്രാഥമിക നിഗമനത്തിലാണ്. പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. അപ്രൈസർ ഒളിവിലെന്നാണ് സൂചന.