ബ്ലൈൻഡ് വോക്കും ലോക കാഴ്ച ദിനാചരണവും സംഘടിപ്പിച്ചു
1460507
Friday, October 11, 2024 5:53 AM IST
കൊല്ലം: ബിഷപ് ബെൻസിഗർ ആശുപത്രിയിലെ ഓസാനം ഐ സെന്ററിന്റെ ആഭിമുഖ്യത്തിൻ ബ്ലൈൻഡ് വോക്കും കാഴ്ച ദിനാചരണ യോഗവും സംഘടിപ്പിച്ചു. എല്ലാവര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. ‘കുട്ടികളെ നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ ബ്ലൈൻഡ് വോക്കിംഗ് കാഴ്ച ദിനാചരണം ഉദ്ഘാടനം ചെയ്തു.
കണ്ണിനുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ചും കാഴ്ച സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചും മനസിലിക്കാനും അവ തടയാനും ചികിത്സയിലൂടെ നിയന്ത്രിക്കാനും വേണ്ടിയാണ് ദിനാചരണം നടത്തുന്നതെന്ന് ഡയറക്ടർ പറഞ്ഞു.
ഡോ. യാസ്മിൻ അലി ബോധവത്കരണ ക്ലാസ് നയിച്ചു. കണ്ണിനുണ്ടാകുന്ന അണുബാധ, വിറ്റാമിന്‍ എ യുടെ കുറവ്, പോഷകാഹാരക്കുറവ്, കണ്ണിനുണ്ടാകുന്ന പരിക്കുകള്‍, ജന്മനായുള്ള തിമിരം, കാഴ്ചവൈകല്യങ്ങള്‍, മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമെച്ച്യുരിറ്റി എന്നിവയാണ് ഇന്ത്യയില്‍ കുട്ടികള്‍ക്കിടയിലുള്ള അന്ധതക്ക് പ്രധാന കാരണങ്ങളെന്ന് ഡോ. യാസ്മിൻ അലി പറഞ്ഞു.
കുട്ടികള്‍ക്ക് അസുഖം വരാന്‍ കൂടുതല്‍ സാധ്യതയുള്ളത്കൊണ്ട് അവരുടെ കണ്ണുകളുടെ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്കേണ്ടതുണ്ടതെന്നും 75 ശതമാനം മുതൽ 80 വരെയുള്ള അന്ധതയും കൃത്യസമയത്ത്, ശരിയായ ചികിത്സയിലൂടെ തടയാവുന്നതാണെന്നും ഡോ. യാസ്മിൻ അലി പറഞ്ഞു.
ബെൻസിഗർ ആശുപത്രി അഡ്മിനിസ്ട്രേറ്റർ ജെയിംസ് പ്രസംഗിച്ചു. നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സിർല മേരി, ഓസാനം ഇൻചാർജ് സിസ്റ്റർ ഫിദാല, വിൻസെന്റ് ഡി. പോൾ സൊസൈറ്റി അംഗങ്ങൾ, ബിഷപ് ബെൻസീഗർ സ്റ്റാഫുകളും ഓസാനം സ്റ്റാഫുകളും ചടങ്ങിൽ പങ്കെടുത്തു.