വന്യജീവി അക്രമത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കണം കെടിയു സി -ബി
1460183
Thursday, October 10, 2024 6:45 AM IST
കൊല്ലം: വന്യ ജീവി ആക്രമണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിന് കർശനമായ നിയമം നടപ്പാക്കാൻ വനം വകുപ്പ് തയാറാകണമെന്ന് കെടിയു സി -ബി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയിലെ മലയോര മേഖലയിലെ വന്യജീവികളുടെ ആക്രമണം മൂലം കർഷകർ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണുള്ളത്. തൊഴിലാളികളേയും കർഷകരേയും, വാഹന യാത്രികരേയും വന്യ ജീവികൾ ഗുരുതരമായി പരിക്ക് ഏല്പിക്കുന്ന അവസ്ഥയാണുള്ളത്.
കൃഷി മുഴുവനും കാട്ടുപന്നി, മുള്ളൻപന്നി ആന തുടങ്ങി വന്യ ജീവികളുടെ ആക്രമണത്തിൽ നശിക്കുകയാണ്. കാർഷിക വിളകളും നാണ്യ വിളകളും ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്ക് കർഷകർ എത്തിയിട്ടും വനം വകുപ്പും പഞ്ചായത്തും നടപടി സ്വീകരിക്കുന്നില്ല. ജനങ്ങളുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. കിഴക്കൻ മേഖലയിലെ പല സ്ഥലത്തും പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ഉത്തരവ് ഉണ്ടായിട്ടും പഞ്ചായത്തുകൾ നടപ്പാക്കുന്നില്ല.
മലയോര മേഖലയിലെ വന്യജീവി ശല്യത്തിന് ശ്വാശ്വതമായ പരിഹാരം കാണണമെന്നും, കൃഷി നാശം സംഭവിച്ച കർഷകർക്കു നഷ്ടപരിഹാരം നൽകണമെന്നും മരിച്ച കർഷകർക്കും തൊഴിലാളികൾക്കും നഷ്ട പരിഹാര തുക ഇരട്ടിയായി വർധിപ്പിക്കണമെന്നും ജാഗ്രത സമിതികൾ രൂപീകരിച്ച് കൂടുതൽ ആനുകൂല്യങ്ങൾ കർഷകർക്ക് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കുളത്തുപ്പുഴ രാജീവ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് എ. ഷാജു ഉദ്ഘാടനം ചെയ്തു. എ. പ്രസാദ്, മാങ്ങോട് ഷംസുദീൻ, പെരുംകുളം സുരേഷ്, സുഗതൻ പിള്ള, രാജൻ പണിക്കർ, കോട്ടൂർ മുരളി തുടങ്ങിയവർ പ്രസംഗിച്ചു.