കരിഞ്ചന്ത മാഫിയ; ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി
1459978
Wednesday, October 9, 2024 7:50 AM IST
കൊല്ലം: ജില്ലയിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് റേഷന്‍ അരി കള്ളക്കടത്ത് നടത്തുന്ന മാഫിയ സജീവമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുവിതരണ ഉപഭോതൃ കാര്യ കമ്മിഷണറുടെ നിര്‍ദ്ദേശാനുസരണം ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കണ്ട്രോളര് സി. വി .മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ സ്ക്വാഡ് പരിശോധന നടത്തി.
ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം തോമസ് എന്നയാളുടെ വീടും കടയും പരിസരവും പരിശോധിച്ചതില്‍ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ 174 ചാക്ക് സാധനങ്ങള്‍ അവശ്യസാധന നിയമത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തി പിടിച്ചെടുത്ത് തുടര്‍നടപടിക്കായി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. പൊതുവിതരണ വകുപ്പ് മന്ത്രിക്കും വിജിലന്‍സിനും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ജില്ലാ സപ്ലൈ ഓഫിസര്‍ എസ്.ഒ.ബിന്ദു, അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ രാജീവ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നും കര്‍ശന പരിശോധനകള്‍ ഉണ്ടാകുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.