അശാസ്ത്രീയമായ വൈദ്യുതി ചാർജ് തദ്ദേശ സ്ഥാപനങ്ങൾക്ക് വൻ നഷ്ടം
1459691
Tuesday, October 8, 2024 7:12 AM IST
ചാത്തന്നൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്ഥാപിച്ച തെരുവ് വിളക്കുകൾക്ക് വൈദ്യുതി ബോർഡ് വൈദ്യുതി ചാർജ് ഈടാക്കുന്നത് അശാസ്ത്രീയമായി. ചാർജ് ഈടാക്കുന്പോൾവൈദ്യുതി ബോർഡിന് വൻ സാമ്പത്തിക നേട്ടമുണ്ടാകുമ്പോൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പണം ചോർന്നുപോകുന്നു. മാസങ്ങളായി കത്താതെ കിടക്കുന്ന തെരുവ് വിളക്കുകൾക്ക് പോലും തദ്ദേശ സ്വയംഭരണ സ്ഥാപനം വൈദ്യുതി ബിൽ അടയ്ക്കേണ്ട സ്ഥിതിയാണുള്ളത്.
തെരുവ് വിളക്കുകൾക്ക് ഉപയോഗിക്കുന്ന വൈദ്യുതി ചാർജ് കണക്കാക്കി ഈടാക്കാൻ വൈദ്യുതി ബോർഡോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങൾ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. കറണ്ട് ചാർജ് ഇനത്തിൽ മാത്രം കോടികൾ പ്രതിവർഷം ചെലവഴിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി നടത്തിയ പഠനത്തിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങൾ വർഷം 15 ലക്ഷം മുതൽ 44 ലക്ഷം വരെ ചെലവഴിച്ചതായി കാണുന്നു.
തെരുവ് വിളക്കുകൾക്ക് ഉപയോഗിക്കുന്ന വൈദ്യുതി ചാർജ് കൃത്യമായി അളക്കാനും അറിയാനും മീറ്റർ സ്ഥാപിച്ചിട്ടില്ല. ഏതോ കാലത്ത് വൈദ്യുതി ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുണ്ടാക്കിയ ഷെഡ്യൂൾഡ് ഓഫ് എഗ്രിമെന്റ് മാത്രമാണുള്ളത്. കാലം കഴിഞ്ഞിട്ടും കരാറിന് മാറ്റം ഉണ്ടായിട്ടില്ല. ഒരു ബൾബോ, ടൂബ് ലൈറ്റോ ഒരു രാത്രി മുഴുവൻ പ്രകാശിക്കുന്നതിനാവശ്യമായ കണക്ടട് ലോഡ് കണക്കാക്കിയാണ് കരാർ ഉണ്ടാക്കിയത്. തദ്ദേശ സ്ഥാപനത്തിൽ എത്ര തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടോ അതിന്റെ കണക്ടഡ് ലോഡ് കണക്കുകൂട്ടി വൈദ്യുതി ചാർജ് ഈടാക്കിവരുന്നു.
തെരുവ് വിളക്കുകൾ കത്തിക്കാൻ കൃത്യമായ സംവിധാനവുമില്ല. കവലകളിലും മറ്റുമാണ് ഇതിന്റെ ഫ്യൂസും സ്വിച്ചും വച്ചിരിക്കുന്നത്. നാട്ടുകാർ ആരെങ്കിലും ഇത് കത്തിച്ചാൽ രാത്രി വഴിയാത്രക്കാർക്ക് വെളിച്ചം കിട്ടും. ലൈറ്റ് കത്തിയാലും കത്തിയില്ലെങ്കിലും അതിന്റെ വൈദ്യുതി ചാർജ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടയ്ക്കണം. എൽഇഡി പോലെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ തീരെ കുറഞ്ഞ വൈദ്യുതി മതിയാവും. പക്ഷേ അത് വൈദ്യുതി ബോർഡിന് ബാധകമല്ലെന്ന നിലയിലാണ് ചാർജ് ഈടാക്കുന്നത്.
ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ ജനപ്രതിനിധികൾ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് ഉയർന്ന വൈദ്യുതി നിരക്കാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അടയ്ക്കേണ്ടി വരുന്നത്. പൂതക്കുളം ഉൾപ്പെടെ പല പഞ്ചായത്തുകളിലും ഇത്തരം ലൈറ്റുകൾ മാസങ്ങളായി കത്താതെ കിടക്കുന്നത് വലിയ വിവാദങ്ങളായിട്ടുണ്ട്. കത്താതെ കിടക്കുന്ന ഇത്തരം ലൈറ്റുകൾക്കും കൃത്യമായി ചാർജ് അടയ്ക്കണം. പൂതക്കുളം പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകളിൽ മൂന്നും കണ്ണടച്ചിട്ട് മൂന്ന് വർഷത്തോളമാകുന്നു. മിക്ക പഞ്ചായത്തുകളിലേയും അവസ്ഥ ഇതേ തരത്തിലാണ്.
തെരുവ് വിളക്കുകളുടെ വൈദ്യുതി ചാർജ് കണക്കാൻ ശാസ്ത്രീയമായ സംവിധാനം വേണമെന്നും വിനിയോഗത്തിന് അനുസരിച്ച് മാത്രമേ വൈദ്യുതി ചാർജ് ഈടാക്കാവൂ എന്നും ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ആവശ്യപ്പെട്ടു. തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന് ഒരു പോസ്റ്റ് സ്ഥാപിക്കാൻ 27000 രൂപവരെ വൈദ്യുതി ബോർഡ് ഈടാക്കുന്നതായി ജനപ്രതിനിധികൾ പരാതി പറയുന്നു. ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കൃത്യമായി കണക്കാക്കാൻ സംവിധാനമില്ലാത്തതും വിളക്കുകൾ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലും തുടർന്നുവരുന്ന അലംഭാവവും തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ ബാധ്യതകളാണുണ്ടാക്കുന്നത്.
ആവശ്യമെങ്കിൽ നിയമനിർമ്മാണമടക്കമുള്ള നടപടികളിലൂടെ വ്യക്തമായ നയ രൂപീകരണമുണ്ടാകണമെന്ന് ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജി. ദിവാകരൻ ആവശ്യപ്പെട്ടു.
പ്രദീപ് ചാത്തന്നൂർ