കൊല്ലം തുറമുഖ പ്രവര്‍ത്തനം; ഉച്ചകോടി നാളെ
1459688
Tuesday, October 8, 2024 7:12 AM IST
കൊല്ലം: ആശ്രാമം റീജിയണല്‍ പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ നീണ്ടകരയിലെ കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ഉച്ചകോടി നടത്തും. കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളിലെ ഭാവി മാരിടൈം പ്രവൃത്തികള്‍ ഊര്ജിതപ്പെടുത്തുന്നതിനാണ് യോഗം ചേരുന്നത്.
കേരള മാരിടൈം ബോര്‍ഡിലെ വിദഗ്ധര്‍, സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.
സ്റ്റീമര്‍ ഏജന്റുമാര്‍, ഷിപ്പ് ചാന്റിലര്, കപ്പലുകളുമായി സംബന്ധിച്ച് സര്‍വീസ് നടത്തുന്നവര്‍, മാനിംഗ് ഏജന്റുമാര്‍, തുറമുഖങ്ങളിലെ വ്യാപാരി വ്യവസായി സംഘടനകളുടെ പ്രതിനിധികള്‍, ചരക്കു കയറ്റിറക്കുമതി നടത്തുന്നവര്‍, തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍, പുതുസംരഭകര് എന്നിവര്‍ക്കും പങ്കെടുക്കാം.
നിലവിലെ തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ഭാവിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിശദീകരണം, സര്‍വീസ് ഏജന്‍സികള്‍, കയറ്റിറക്കുമതിക്കാര്‍ എന്നിവരുമായുള്ള അഭിമുഖം, പുതുസംരംഭകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, വിവിധ സര്‍വീസുകള്‍ നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍, വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളുടെ ഏകീകരണം, സംരംഭകരുടെ വിഷയങ്ങളും പരിഹാരമാര്‍ഗങ്ങളും, മാരിടൈം ഏകജാലക സംവിധാനത്തിനെക്കുറിച്ചുള്ള ആമുഖം, പുതുതായി നിര്‍മിച്ച കൊല്ലം തുറമുഖ ഭരണ നിര്‍വഹണ കാര്യാലയത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കൊല്ലം റീജിയണല്‍ തുറമുഖ ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍: 9969804875.