ശമ്പള ബിൽ ഉത്തരവ്: കെപിഎസ്ടിഎ കളക്ടറേറ്റ് ധർണ നടത്തി
1459517
Monday, October 7, 2024 6:24 AM IST
കൊല്ലം: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ശമ്പള ബിൽ മാറുന്നതിന് വിദ്യാഭ്യാസ ഓഫീസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്ന ഫിനാൻസ് വിഭാഗത്തിന്റെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്.
സംസ്ഥാന സെക്രട്ടറി ബി. ജയചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ്, ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, പി. മണികണ്ഠൻ, പ്രിൻസി റീനാ തോമസ്, ബിനോയ് കൽപകം, ബിജു മോൻ, ടി. നിധീഷ് ജയകൃഷ്ണൻ , അജയകുമാർ, വരുൺലാൽ, അൻവർ ഇസ്മായിൽ, എബിപാപ്പച്ചൻ, ക്യഷ്ണകുമാർ, സുമേഷ് ദാസ് എന്നിവർ പ്രസംഗിച്ചു.
എയ്ഡഡ് വിദ്യാലയങ്ങളിൽ സർക്കാരിന്റെ അമിതമായ ഇടപെടലുകൾക്കും രാഷ്ട്രീയ താൽപര്യങ്ങൾക്കും പുതിയ ഉത്തരവ് വഴിവയ്ക്കുമെന്ന് കെപിഎസ്ടിഎ ആരോപിച്ചു.