മുഖ്യമന്ത്രിയുടെ ഫാസിസ്റ്റ് ചിന്താഗതി പുറത്തായി: കൊടിക്കുന്നിൽ
1459506
Monday, October 7, 2024 6:21 AM IST
ശാസ്താംകോട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫാസിസ്റ്റ് ചിന്താഗതിയും സിപിഎമ്മിന് ആർഎസ്എസുമായും പോലീസുമായുള്ള അവിശുദ്ധ ബന്ധങ്ങളും പുറത്തായെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി.
പിണറായി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്- മുനിസിപ്പൽ കേന്ദ്രങ്ങളിൽ നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളുടെ ജില്ലാതല ഉദ്ഘാടനം ശാസ്താംകോട്ട പള്ളിശേരിക്കൽ പള്ളിമുക്കിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തൃശൂരിൽ വിജയിപ്പിക്കാൻ എഡിജിപിയെ ഉപയോഗിച്ച് തൃശൂർ പൂരം കലക്കി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും ചേർന്ന് തീർഥാടന കാലത്ത് ശബരിമലയിൽ ക്രമസമാധാനം തകർക്കാൻ നടത്തിയ ഗൂഢാലോചനയും പുറത്തു വന്നു.
ഏറ്റവുമൊടുവിൽ ബിജെപി സംസ്ഥാന പ്രസിഡന്റിനെ കോഴപ്പണ ആരോപണ കേസിൽ കുറ്റവിമുക്തനാക്കുന്നതിനു വേണ്ടി പ്രോസിക്യൂഷൻ ദുർബലപ്പെടുത്തി.
ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ പിണറായി വിജയനും സംഘപരിവാർ സംഘങ്ങളും പോലീസും തമ്മിൽ കാലങ്ങളായി നടത്തിവന്ന അവിശുദ്ധബന്ധമാണ് വെളിവാക്കപ്പെട്ടതെന്ന് കൊടിക്കുന്നിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഒത്താശയിലും കേരളത്തിൽ നടക്കുന്ന അവിശുദ്ധ ഇടപാടുകൾ സംബന്ധിച്ച് പി.വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലും ചേർത്ത് ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയാറാകണം. മലപ്പുറം ജില്ലയേയും അവിടുത്തെ ജനങ്ങളേയും അധിക്ഷേപിക്കുന്നതും വർഗീയവൽക്കരിക്കുന്നതും സിപിഎം മുഖ്യമന്ത്രിമാരുടെ പതിവ് ശൈലിയാണെന്ന് മുൻപും തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇതിനെല്ലാം പുറമേയാണ് പിആർ ഏജൻസിയെ നിയോഗിച്ച് മലപ്പുറം ജില്ലയേയും ജനങ്ങളേയും മുഖ്യമന്ത്രി ഹിന്ദു പത്രത്തിലെ അഭിമുഖത്തിലൂടെ അധിക്ഷേപിച്ചത്. തനിക്കു പറ്റിയ മണ്ടത്തരങ്ങൾക്കു പിആർ ഏജൻസിയെ പഴിക്കാതെ വലിയ വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശാസ്താംകോട്ട കിഴക്ക് മണ്ഡലം പ്രസിഡന്റ് എം.വൈ. നിസാർ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, എം.വി. ശശികുമാരൻ നായർ, ബ്ലോക്ക് പ്രസിസന്റ് വൈ. ഷാജഹാൻ, ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി, തുണ്ടിൽ നൗഷാദ്, കാരക്കാട്ട് അനിൽ, ഗോകുലം അനിൽ, പി. നൂറുദീൻകുട്ടി പി.കെ. രവി, തോമസ് വൈദ്യൻ,
രവി മൈനാഗപ്പള്ളി, ആർ. അരവിന്ദാക്ഷൻ പിള്ള , എച്ച്. സലിം, സൈറസ് പോൾ, എ.പി. ഷാഹുദീൻ, നാസർ കുറവന്റയ്യം, ടി.ഐ. നാസർഷ, ഐ.ഷാനവാസ്, രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.