കടയ്ക്കൽ മോഷണ പരമ്പരയിലെ പ്രതി ബാലരാമപുരത്തെ കേസില്‍ കുടുങ്ങി
1459294
Sunday, October 6, 2024 5:37 AM IST
കൊല്ലം : ബാലരാമപുരത്ത് നടന്ന മോഷണക്കേസിലെ അന്വേഷണം ഒടുവിൽ കടയ്ക്കല്‍ നടന്ന മോഷണ പരമ്പരയുടേയും ചുരുളഴിച്ചു. കടയ്ക്കല്‍ പട്ടണത്തിലെ അഞ്ചു കടകളില്‍ കവര്‍ച്ച നടത്തിയ രണ്ടുപേര്‍ ബാലരാമപുരം പോലീസിന്റെ പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ സ്വദേശികളായ അനന്തുരവി (20), സജില്‍ (29) എന്നിവരാണ് പിടിയിലായത്.
ബാലരാമപുരത്തെ കടകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇവരെ അവിടത്തെ പോലീസ് പിടികൂടിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കടയ്ക്കലിൽ നടന്ന മോഷണവും തെളിഞ്ഞത്. കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ കടയ്ക്കലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനാണ് കടയ്ക്കൽ ടൗണില്പോലിസ് സ്റ്റേഷന് സമീപം അഞ്ചുകടകളിൽ കവര്‍ച്ച നടത്തിയത്. തുണിക്കടയിലും ഹോട്ടലിലും രണ്ടു കോഴിക്കടയിലും പച്ചക്കറിക്കടയിലുമാണ് മോഷണം നടന്നത്. തുണിക്കടയില്‍നിന്ന് 50,000 രൂപയും ഹോട്ടലില്‍നിന്ന് 10,000 രൂപയും കോഴിക്കടകളിലും പച്ചക്കറിക്കടകളിലും നിന്ന് പണവും അപഹരിച്ചു.
പോലീസ് സ്റ്റേഷന് അഞ്ഞൂറുമീറ്റര്‍ ചുറ്റളവില്‍ നടന്ന മോഷണം പോലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. പ്രതികള്‍ക്കായി അന്വേഷണം നടത്തവേയാണ് ഇവർ ബാലരാമപുരം പോലീസിന്റെ പിടിയിലാവുന്നത്.