ഗാന്ധിജി ഭാരതത്തിന്റെ മഹാനായ വിശ്വപൗരന്: കളക്ടര്‍
1459290
Sunday, October 6, 2024 5:30 AM IST
കൊല്ലം: ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വപൗരനാണ് മഹാത്മാഗാന്ധി എന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ്. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സോപാനം സരസ്വതി ഹാളില്‍ സംഘടിപ്പിച്ച ഗാന്ധി കലോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഹിംസയിലും സത്യത്തിലും അധിഷ്ഠിതമായ ഗാന്ധിജിയുടെ കാഴ്ചപ്പാട് ലോകമെങ്ങും അംഗീകരിച്ചതാണ്. സത്യത്തില്‍ അടിയുറച്ച നിലപാടുകള്‍ ലോകത്തിലെ വലിയ പുരസ്ക്കാരങ്ങള്‍ നേടിയവരെക്കാളും ഔന്നത്യമുള്ള സ്ഥാനം അദ്ദേഹത്തിന് നേടിക്കൊടുത്തു.
മനുഷ്യ മനസുകളില്‍ ഇരുട്ട് വീഴ്ത്തുന്ന അഹന്തയുടേയും സ്വാര്‍ഥതയുടേയും ഹിംസയുടേയും ചിന്തകളില്‍ നിന്ന് രക്ഷനേടാന്‍ ഗാന്ധിയന്‍ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു.
ജില്ലാ ഭരണകൂടം, ഗാന്ധി പീസ് ഫൗണ്ടേഷന്, കൊല്ലം കോര്പ്പറേഷന്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. നഗരസഭ ടാക്സ് ആന്‍ഡ് അപ്പീല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. എ.കെ. സവാദ് അധ്യക്ഷത വഹിച്ചു.
ഗാന്ധി പീസ് ഫൗണ്ടേഷന് സെക്രട്ടറി ജി.ആര്. കൃഷ്ണകുമാര്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി കെ.എസ്. ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.എസ്.അരുണ്‍, ചെറുവക്കല്‍ ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. പെട്രിഷാ ജോണ്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു. ഗാന്ധി കലോത്സവത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്ര രചന, കവിതാലാപനം, ക്വിസ് മത്സരങ്ങള്‍ എന്നിവ നടത്തി.