മദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍
1459061
Saturday, October 5, 2024 6:03 AM IST
ചവറ: വീട്ട്മുറ്റത്ത് അതിക്രമിച്ച് കയറി സംഘം ചേര്‍ന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ ചവറ പോലീസിന്റെ പിടിയിലായി.
മുക്കാട് ഫാത്തിമ ഐലന്‍ഡ് അനീഷ് ഭവനില്‍ അനീഷ്(35), നീണ്ടകര ജോയിന്റ് ജംഗ്ഷനില്‍ ജോഷി ഡെയിലില്‍ ജോയ് എന്ന അല്‍ഫോണ്‍സ്(58) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 19-ന് ഉച്ചകഴിഞ്ഞ് 2.30 ഓടെ നീണ്ടകര ചീലാന്തിമുക്ക് സ്വദേശിയായ ബൈജുവിന്റെ പണി നടന്ന് കൊണ്ടിരിക്കുന്ന വീട്ട്മുറ്റത്ത് പ്രതികള്‍ ഉള്‍പ്പെട്ട സംഘം അതിക്രമിച്ച് കയറിയശേഷം ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് മദ്യപിക്കാന്‍ ശ്രമിച്ചു.
വീട്ടുടമസ്ഥനായ ബൈജു തടയാന്‍ ശ്രമിച്ചപ്പോൾ പ്രതികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ആയുധം ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ബൈജുവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. സംഭവശേഷം ഒളിവില്‍ കഴിഞ്ഞ് പ്രതികളെ ചവറ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐ അനീഷ്കുമാര്‍, സിപിഒമാരായ രഞ്ജിത്ത്, മനീഷ്, വൈശാഖന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.