മുക്കുപണ്ടം പണയം വച്ച് പണം തട്ടല്‍: പ്രധാനി പിടിയില്‍
1458856
Friday, October 4, 2024 5:40 AM IST
അഞ്ചല്‍: തെക്കന്‍ കേരളം കേന്ദ്രീകരിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. ഇടുക്കി കീരിത്തോട് കപ്യാര് കുന്നില്‍ വീട്ടില്‍ സുനീഷാണ് പിടിയിലായത്. അഞ്ചലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ കൊട്ടാരക്കര സ്വദേശി സജയകുമാറിനെ അഞ്ചല്‍ പോലീസ് ഒരു മാസം മുമ്പ് പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്ത വേളയിലാണ് സുനീഷിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തെക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തുന്നതിനായി മുക്കുപണ്ടം എത്തിക്കുന്നത് സുനീഷ് ആണെന്ന് കണ്ടെത്തുന്നത്.
മുക്കുപണ്ടം പണം വച്ച് പണം തട്ടുന്നതടക്കം കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകള്‍ സുനീഷിനെതിരേ ഇരുപത്തിയാറോളം കേസുകള്‍ നിലവിലുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞ അഞ്ചല്‍ പോലീസ് രണ്ടുതവണ പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി. വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന സുനീഷ് പോലീസ് സാന്നിധ്യം മനസിലാക്കിയാല്‍ വനത്തിലേക്ക് മുങ്ങും. എന്നാല്‍ ഇയാളെ നിരന്തരം നിരീക്ഷിച്ചുവന്ന പോലീസ് കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു.
സ്വര്‍ണത്തെ വെല്ലുന്ന രീതിയില്‍ മുക്കുപണ്ടം നിര്‍മിക്കുന്ന സംഘത്തില്‍ നിന്ന് വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന സുനീഷ് വാട്സാപ് കാള്‍ മുഖേനെയാകും ഇടപാടുകാരുമായി സംസാരിക്കുക. തട്ടിപ്പിലൂടെ ലഭിക്കുന്ന തുക മറ്റുചിലരുടെ കൈകളില്‍ എത്തിക്കും. പിന്നീട് പല കൈമറിഞ്ഞാകും തട്ടിപ്പ് സംഘത്തിന്റെ കൈകളില്‍ എത്തുകയെന്നും കണ്ടെത്തിയിട്ടുണ്ട്.
അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരീഷ്, എസ്ഐ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സാബു, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം ഇത്തരം ക്രിമിനലുകളുടെ പ്രവര്‍ത്തികള്‍ മൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ആള് കേരള കേരള പ്രൈവറ്റ് ബങ്കേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. കുറ്റക്കാരെ വേഗത്തില്‍ പിടികൂടാന്‍ പോലീസ് ശ്രമിക്കണമെന്നും അഞ്ചല്‍ പോലീസിന്റെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.