വീട്ടമ്മയെ കാർ കയറ്റികൊന്ന കേസ്; ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
1458855
Friday, October 4, 2024 5:40 AM IST
കൊല്ലം: മൈനാഗപ്പള്ളി അന്നൂര്ക്കാവില് സ്കൂട്ടര്‍ യാത്രികയായ വീട്ടമ്മയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കേതില്‍ മുഹമ്മദ് അജ്മലിന്റെ (29) ജാമ്യാപേക്ഷയാണ് വാദം കേള്‍ക്കാതെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ തള്ളിയത്.
അപകടത്തിനു ശേഷം ജീവഹാനി ഭയന്നാണ് കാറിനു പുറത്തിറങ്ങാതിരുന്നതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി സ്വീകരിച്ചില്ല.
ഒരാളുടെ പുറത്തുകൂടി കാര്‍ ഓടിച്ചുകയറ്റുമ്പോള്‍ അവര്‍ക്ക് ജീവഹാനി സംഭവിക്കില്ലേയെന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചു. അതേസമയം, കേസില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ചില ശാസ്ത്രീയ പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ വൈകാതെ ലഭിക്കും.
കുറ്റപത്രം സമര്‍പ്പിക്കാനുള്ള കാലാവധിക്ക് മുമ്പു തന്നെ സമര്‍പ്പിക്കാനാണ് പോലീസ് തയാറെടുന്നത്. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളില്‍ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതിക്ക് ജാമ്യം ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്.
അജ്മലിനൊപ്പം സഞ്ചരിച്ചിരുന്ന നെയ്യാറ്റിന്‍കര സ്വദേശിനി ഡോ. ശ്രീകുട്ടിക്ക് സെഷന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു.
തിരുവോണ ദിവസം വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂട്ടറില്‍ ബന്ധുവിനൊപ്പം യാത്ര ചെയ്തിരുന്ന മൈനാഗപ്പള്ളി അന്നൂര്ക്കാവ് പഞ്ഞിപുല്ലുവിള കുഞ്ഞുമോളാണ് (45) കൊല്ലപ്പെട്ടത്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന് ജി. മുണ്ടയ്ക്കലും കൊല്ലപ്പെട്ട കുഞ്ഞുമോളുടെ കുടുംബത്തിനു വേണ്ടി അഭിഭാഷകരായ കണിച്ചേരില്‍ സുരേഷ്, അനൂപ് കെ. ബഷീര്‍ എന്നിവരും ഹാജരായി.