വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി: കെട്ടിടം അപകടാവസ്ഥയിൽ
1458598
Thursday, October 3, 2024 4:20 AM IST
കൊട്ടാരക്കര: പുലമൺ ജംഗ്ഷന് സമീപം വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം ചീറ്റിയൊഴുകുന്നു. സമീപത്തുള്ള കെട്ടിടവും വൈദ്യുത തൂണും അപകടാവസ്ഥയിൽ. പുലമൺ ജംഗ്ഷനു സമീപം പുനലൂർ റൂട്ടിലാണ് പൈപ്പ് ലൈൻ പൊട്ടിയത്.
പൊട്ടിയ ഭാഗത്തു നിന്ന് വൻശക്തിയോടെ വെള്ളം കുത്തിയൊഴുകുകയാണ്. സമീപത്തെ ബഹുനില മന്ദിരത്തിന്റെ അസ്ഥിവാരം ഇളകി തുടങ്ങി. കൂടാതെ റോഡരികിലെ വൈദ്യുത തൂണിന്റെ ചുവട്ടിലെ മണ്ണും നഷ്ടമായി. രണ്ടും എതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ് .അങ്ങനെ സംഭവിച്ചാൽ വൻ ദുരന്തത്തിന് കാരണമാകും.
ഒരു മാസമായി വെള്ളം പൊട്ടിയൊഴുകുന്നതായും വാട്ടർ അഥോറിറ്റിയെ അറിയിച്ചിട്ട് ആരും തിരിഞ്ഞു നോക്കിയില്ലെന്നും വ്യാപാരികൾ പറയുന്നു.