അഷ്ടമുടി കായലിനെ സുന്ദരിയാക്കാൻ കടവുകൾ അണിഞ്ഞൊരുങ്ങി
1458298
Wednesday, October 2, 2024 6:05 AM IST
കൊല്ലം: അഷ്ടമുടി കായലിനെ വീണ്ടെടുക്കുന്നതതിനും കായലിൽ അടിഞ്ഞുകൂടിയ മാലിന്യം നിർമാർജനം ചെയ്യുന്നതിനും ആയി നടപ്പാക്കിവരുന്ന വിവിധ പദ്ധതികളുടെ ഭാഗമായുള്ള 30 കടവുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി.
മാലിന്യ മുക്ത നവ കേരളത്തിനായൂള്ള ജനകീയ കാമ്പയിൻ ഉദ്ഘാടനത്തോടനുബന്ധിച്ച് കടവുകളുടെ സമർപ്പണവും ഇന്ന് നടക്കും. കോർപറേഷന്റെ നേതൃത്വത്തിൽ കടവുകളുടെ നവീകരണ പ്രവർത്തനം സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് പൂ ർത്തീകരിച്ചത്.
കായലിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി നവീകരിച്ച കടവുകളിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അഷ്ടമുടി കായലിൽ വിവിധ കടവുകളിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യൽ, ചെളിയും മറ്റും നീക്കം ചെയ്ത് ആഴമുറപ്പാക്കൽ, കടവുകളിലെ പടവുകളുടെ നവീകരണം, കടവുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള മുന്നറിയിപ്പുകൾ, കായൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കൽ,
സന്ദർശകർക്ക് കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനും കാറ്റുകൊള്ളുന്നതിനുമായുള്ള കാസ്റ്റ്അയൺ ബെഞ്ചുകൾ, സോളാർ ലൈറ്റുകൾ, ടിവി കാമറകൾ സ്ഥാപിക്കൽ, മറ്റു സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളുടെ പൂർത്തിയാക്കൽ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുള്ളത്.
കടവുകൾ എല്ലാം തന്നെ ഭംഗിയുള്ള ടൈൽസ് പാകി വൃത്തിയാക്കിയിട്ടുണ്ട്. ആദ്യഘട്ടം എന്ന നിലയിലാണ് 30 കടവുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. വിവിധ പഞ്ചായത്തുകളുടെ 20 കടവുകൾ കൂടി പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുന്നതാണ്. അഞ്ചുവർഷ വാറണ്ടിയുള്ള സോളാർ കാമറകളാണ് കടവിലുള്ളത്.
തുടർച്ചയായി ഏഴ് ദിവസം സൂര്യപ്രകാശം ലഭിച്ചില്ലെങ്കിലും കാമറ പ്രവർത്തിക്കാനുള്ള സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. കാമറകളെല്ലാം തന്നെ ടുവേ സിസ്റ്റത്തിൽ പ്രവർത്തിക്കുന്നവയാണ്. ഓരോ കാമറയും കോർപറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ ഫോണുമായി കണക്ട് ചെയ്യാവുന്നതാണ്. ഇതിനായി വോഡഫോൺ കമ്പനിയുമായി അഞ്ചുവർഷത്തെ കരാർ ഏർപ്പെടുത്തിയിട്ടുണ്ട്.
സെൻസർ കാമറകൾ ആയതിനാൽ മാലിന്യമായി എത്തുന്ന വരെ കാണുമ്പോൾ തന്നെ മാലിന്യം അവിടെ നിക്ഷേപിക്കരുത് എന്നുള്ള നിർദ്ദേശം കാമറ വഴി നൽകുന്നതാണ്. കൂടാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഫോൺ വഴി ആളെ കണ്ടു ഇതേ നിർദ്ദേശങ്ങൾ തന്നെ മാലിന്യം കൊണ്ടിടാൻ വരുന്നവർക്ക് നൽകാവുന്നതാണ്.
കടവുകളിൽആളുകളെത്തുമ്പോൾ പ്രകാശത്തോടെ കത്തുന്ന സോളാർ വിളക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ കടവുകളുടെ പരിപാലനം, സംരക്ഷണം എന്നിവയ്ക്കായി കൗൺസിലർമാർ ഉൾപ്പെട്ട ജനകീയ സമിതികൾക്ക് രൂപം നൽകുന്നതാണ്.