പോളച്ചിറ ഏലായിൽ നെൽകൃഷിയിറക്കും
1458035
Tuesday, October 1, 2024 6:43 AM IST
ചാത്തന്നൂർ: പോളച്ചിറ ഏലാ പാടശേഖരം നെൽകൃഷിക്ക് യോഗ്യമാക്കുന്നതിന് പമ്പിംഗ് നടത്തി സബ്സിഡി അനുവദിക്കുന്നതിനായി കൃഷി വകുപ്പ് ഉത്തരവായി. പമ്പിംഗ് സബ്സിഡി ലഭിക്കുന്നതിനായി പോളച്ചിറ ഏലാ പാടശേഖരം ആലപ്പുഴ പുഞ്ച സ്പെഷൽ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് ഉത്തരവായത്.
ചാത്തന്നൂർ മണ്ഡലത്തിലെ ചിറക്കര, മീനാട് വില്ലേജുകളിലായി 1500 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പോളച്ചിറ ഏലാ പാടശേഖരത്തിൽ നെൽകൃഷി നടത്തുന്നതിനായി വലിയ ശ്രമങ്ങളാണ് ഏറെ നാളായി നടന്നു വരുന്നത്.
ജനപ്രതിനിധികളുടേയും കർഷകരുടേയും ഉദ്യോഗസ്ഥരുടേയും കൂട്ടായ ചർച്ചകളും പരിശ്രമങ്ങളും കൊണ്ട് സർക്കാരിന്റെ സഹായങ്ങൾ നേടി നെൽകൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾക്കാണ് മുൻഗണന നൽകിയത്. അതിന്റെ ഭാഗമായി സർക്കാർ അനുവദിച്ച 3.15 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ നടത്താൻ കഴിഞ്ഞു.
പിന്നീട് പമ്പിംഗ് നടത്തി വെള്ളം ഒഴുക്കിക്കളഞ്ഞ് കൃഷി നടത്തുന്നതിനായി 50 എച്ച്പിയുടെ മൂന്ന് മോട്ടോറുകൾ സ്ഥാപിക്കുകയും അതിനാവശ്യമായ ഇലക്ട്രിക് പണികൾ നടത്തുകയും പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുകയും ചെയ്തു.
ഇതിനായി 52 ലക്ഷം രൂപയാണ് ചെലവായത്. പമ്പിംഗ് ഫലപ്രദമായി നടത്തി പുഞ്ചപ്പാടം നെൽകൃഷിയോഗ്യമാക്കണമെന്ന് കർഷകരുടെ കൂട്ടായ്മ ശക്തമായ മുറവിളി കൂട്ടുകയായിരുന്നു.
കർഷക സമിതിയുടെ പ്രമേയം ചിറക്കര പഞ്ചായത്തും ചിറക്കര കൃഷിഭവനും സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കുകയും അതിന്റെ ഫലമായി കൃഷിവകുപ്പ് പുതിയ ഉത്തരവിറക്കുകയുമായിരുന്നു.
ഇപ്പോൾ ആലപ്പുഴ പുഞ്ച സ്പെഷൽ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുത്തി പമ്പിംഗ് ലേലം നടത്തി സർക്കാർ സബ്സിഡി ലഭിക്കുന്നതിന് പോളച്ചിറ ഏലാ പാടശേഖരം ഉൾപ്പെടെ ഉത്തരവായതോടെ കൃഷി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകും.
പോളച്ചിറ ഏലാ പാടശേഖരം ആലപ്പുഴ പുഞ്ച സ്പെഷൽ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുത്തി പമ്പിംഗ് സബ്സിഡി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചിറക്കര പഞ്ചായത്ത് ഭരണസമിതിയും പോളച്ചിറ ഏലാ പാടശേഖര സമിതി ഭാരവാഹികളും നൽകിയ നിവേദനം മുൻ നിർത്തി കൃഷി, റവന്യു വകുപ്പുകളിൽ സമ്മർദം ചെലുത്തിയിരുന്നു.
പോളച്ചിറ ഏലയിൽ കുട്ടനാടൻ മാതൃകയിൽ നടക്കുന്ന നെൽകൃഷി തുടരുന്നതിന് സഹായകമായ നിലപാടുണ്ടാകണമെന്നും അഭ്യർഥിച്ചിരുന്നു. ഈ സാഹചര്യത്തിൽ വസ്തുതകൾ പരിഗണിച്ച് ലാൻഡ് റവന്യൂ കമ്മീഷണർ അനുകൂല റിപ്പോർട്ട് നൽകുകയും തുടർന്ന് കൃഷിവകുപ്പ് പോളച്ചിറ ഏലാ പാടശേഖരം ആലപ്പുഴ പുഞ്ച സ്പെഷൽ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുത്തി പമ്പിംഗ് ലേലം നടത്തി സർക്കാർ സബ്സിഡി ലഭ്യമാക്കുന്നതിന് ഉത്തരവാക്കുകയാണുണ്ടായത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി പമ്പിംഗ് ജോലികൾ ആരംഭിച്ച് പോളച്ചിറ പാടശേഖരത്തിൽ നെൽകൃഷി നടത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും നെൽ കർഷകർക്ക് ആവശ്യമായ സഹായങ്ങൾ യഥാസമയം നൽകുമെന്നും ജി.എസ്. ജയലാൽ എംഎൽഎ അറിയിച്ചു.