മാലിന്യ മുക്ത നവകേരളം: സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും
1458034
Tuesday, October 1, 2024 6:43 AM IST
കൊട്ടാരക്കര: മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒപ്പം പുലമൺ തോട് പുനരുജ്ജീവനത്തിന്റെ ജനകീയ കൂട്ടായ്മയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
നാളെ ഗാന്ധിജയന്തി ദിനത്തിൽ തുടക്കമിടുന്ന പദ്ധതികൾ 2025 മാർച്ച് 30 ന് ശൂന്യ മാലിന്യ ദിനമായി ആചരിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 1601 പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 203 പ്രദേശങ്ങൾ ശുചീകരിച്ച് സൗന്ദര്യവൽക്കരിച്ചതിന്റേയും ആറ് ടൂറിസം കേന്ദ്രങ്ങള ഹരിത ടൂറിസം കേന്ദ്രങ്ങളാക്കിയതിന്റേയും പ്രഖ്യാപനവും ശൂന്യ മാലിന്യ ദിനത്തിൽ പ്രഖ്യാപിക്കാനാണ് നീക്കം. 150 തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ സ്കൂളുകളെയും 22 കോളജുകളേയും ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിക്കും. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, ഫ്ലാറ്റുകൾ, ഓഫീസ് കോംപ്ലക്സുകളിലെല്ലാം ഹരിത ചട്ടങ്ങൾ നിലവിൽ വരും.
ഈ ബൃഹത്തായ പദ്ധതിയിൽ തദേശ സ്ഥാപന ജീവനക്കാർ, വിവിധ സർക്കാർ വകുപ്പു ജീവനക്കാർ, ബാങ്ക്, സഹകരണ വകുപ്പ് ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, കുടുംബശ്രീ മിഷൻ തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കും.
നാളെ രാവിലെ 11ന് പുലമൺ എൽ ഐസി കോമ്പൗണ്ടിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും. ഹരിത കർമ സേനാംഗങ്ങൾക്കുള്ള പ്രതിരോധ മരുന്ന് മന്ത്രി എം.ബി. രാജേഷ് വിതരണം ചെയ്യും. കൈപ്പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി കെ.ബി. ഗണേഷ് കുമാറും മന്ത്രി ചിഞ്ചുറാണിയും നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയാകും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യ പ്രഭാഷണം നടത്തും.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ടി.വി. അനുപമ, ദിവ്യ എസ് അയ്യർ, യു.വി. ജോസ്, ഡോ. ടി.എൻ സീമ തുടങ്ങിയവരും തദ്ദേശ സ്ഥാപന പ്രതിനിധികളും പങ്കെടുക്കും.