ക്ഷേത്ര മോഷണത്തിന് പിടിയിലായി
1454682
Friday, September 20, 2024 6:09 AM IST
ചവറ: കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രത്തില്‍ മോഷണം നടത്തിയ ആളെ മണിക്കൂറുകള്‍ക്കകം ചവറ പോലിസ് പിടി കൂടി. കരുനാഗപ്പള്ളി തൊടിയൂര്‍ പുലിത്തിട്ട വടക്കതില്‍ അനില്‍ കുമാറിനെയാണ് (സൂര്യന് -50) പിടി കൂടിയത്. ശ്രീകോവിലിന് മുന്നിലെ കെടാവിളക്കും പൂജയ്ക്ക് ഉപയോഗിക്കുന്ന ചെറിയ മൂന്ന് വിളക്ക് ഉള്‍പ്പെടെയാണ് മോഷണം പോയത്.
വ്യാഴാഴ്ച പുലര്‍ച്ചെ ജീവനക്കാര്‍ എത്തിയപ്പോഴാണ് ശ്രീകോവിലിന് മുന്നില്‍ കത്തിച്ച് വച്ചിരുന്ന വിളക്ക് കാണാതായി മനസിലാക്കിയത്. പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി.
ക്ഷേത്ര കാമറ പരിശോധിച്ചപ്പോൾ മോഷ്ടാവ് കരുനാഗപ്പള്ളിയില്‍ ഉണ്ടെന്ന് പോലീസ് മനസിലാക്കി. ഇതിനിടയില്‍ മോഷ്ടിച്ച വിളക്കുകള്‍ ആക്രിക്കടയില്‍ വില്ക്കാന് അനില്‍ കുമാര്‍ ശ്രമിച്ചങ്കിലും നടന്നില്ല. തുടർന്ന് മോഷ്ടിച്ച വിളക്കുകള്‍ ഉപേക്ഷിച്ചിട്ടു പോയി. പ്രതിയെ കരുനാഗപ്പള്ളി മാളിയേക്കലില്‍ നിന്ന് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഉപേക്ഷിച്ച മോഷണ വസ്തുക്കള്‍ പോലിസ് കണ്ടെടുത്തു. വളരെ വേഗം മോഷ്ടാവിനെ പിടികൂടിയ സിഐ കെ.ആര്. ബിജു, എസ്ഐ അനീഷ് കുമാര്‍, എസ് സിപിഒമാരായ രഞ്ജിത്, അനില്‍, മനീഷ്, സിപിഒ സുജിത്ത് എന്നിവരുള്‍പ്പെട്ട സംഘത്തെ ക്ഷേത്ര ഭരണ സമതി അനുമോദിച്ചു.
നേരത്തെ സമാനമായ കേസിലുള്‍പ്പെട്ട് ജയില്‍ കിടന്ന ആളാണ് അനില്‍ കുമാറെന്ന് പോലീസ് പറഞ്ഞു.