ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ: പെൺകുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും
1454677
Friday, September 20, 2024 6:09 AM IST
കൊല്ലം: ഓയൂർ ഓട്ടുമലയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് അന്വേഷണ സംഘ തലവൻ ഡിവൈഎസ്പി എം.എം. ജോസ് കോടതിൽ നൽകിയതായി കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻ രാജ് പറഞ്ഞു.
ക്രിമിനൽ നിയമത്തിലെ 164-ാം വകുപ്പ് പ്രകാരമായിരിക്കും ജുഡീഷൽ മജിസ്ട്രേറ്റിന് മുമ്പിൽ രഹസ്യമൊഴി രേഖപ്പെടുത്തുക. കോടതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് രഹസ്യമൊഴി രേഖപ്പെടുത്തും.
നിലവിൽ ഈ കേസിൽ തട്ടികൊണ്ടുപോയ കുട്ടിയുടേയും സഹോദരന്റേയും രഹസ്യമൊഴി നേരത്തേ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതേ സമയം ഈ കേസിൽ കോടതി അനുമതി നൽകിയ തുടർ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ പിതാവിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു.
ഇയാൾ സമീപകാലത്ത് ഒരു ചാനലിൽ നൽകിയ അഭിപ്രായ പ്രകടനത്തിൽ വ്യക്തത വരുത്താനാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ തുടരന്വേഷത്തിന് അനുവാദം ആവശ്യപ്പെട്ടത്.
ചാനലിനോട് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചാണ് അവർ റിപ്പോർട്ട് ചെയ്തതെന്ന് പിതാവ് മൊഴി നൽകി. അന്വേഷണത്തിൽ പൂർണ തൃപ്തനാണെന്നും അദ്ദേഹം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
കുട്ടിയെ തട്ടിക്കൊണ്ട് പോയ സമയത്ത് കൂടെ ഉണ്ടായിരുന്ന സഹോദരൻ കാറിൽ നാലു പേർ ഉണ്ടായിരുന്നതായി സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ കാര്യമായ അന്വേഷണം നടന്നില്ല എന്ന തരത്തിലാണ് ചാനലിൽ വാർത്ത വന്നിരുന്നത്. ഇത് തീർത്തും അടിസ്ഥാന രഹിതമാണെന്നും പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ചാനൽ വാർത്ത കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം തുടർ അന്വേഷണത്തിന് അനുമതി തേടിയത്.
കഴിഞ്ഞ വർഷം നവംബർ 27 - ന് വൈകുന്നേരം 4.40നാണ് കാറിൽ എത്തിയ സംഘം ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയത്. തൊട്ടടുത്ത ദിവസം ഇവർ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനിക്ക് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. പോലീസ് കൊല്ലം നഗരം മുഴുവൻ അരിച്ച് പെറുക്കുമ്പോഴാണ് അവരുടെ കണ്ണ് വെട്ടിച്ച് പ്രതികൾ കൊല്ലത്ത് എത്തി കുട്ടിയെ എത്തിച്ച ശേഷം ഒരു കൂസലുമില്ലാതെ തിരികെ പോയത്.
പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഇത് മനസിലാക്കിയ പ്രതികൾ തമിഴ്നാട്ടിലേയ്ക്ക് കടക്കുകയായിരുന്നു.
തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാ രാജിൽ കെ. ആർ. പദ്മകുമാർ, ഭാര്യ എം. ആർ. അനിത കുമാരി, മകൾ അനുപമ എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്. ക്രൈം ബ്രാഞ്ച് സംഘം 90 ദിവസത്തിനുള്ളിൽ കുറ്റപത്രവും സമർപ്പിക്കുകയുണ്ടായി.
വിചാരണ നടപടികൾ ആരംഭിക്കാനുള്ള നീക്കങ്ങൾ നടക്കവേയാണ് പിതാവിന്റെ പുതിയ വെളിപ്പെടുത്തൽ എന്ന പേരിൽ ചാനലിൽ വാർത്ത വന്നത്.
കേസിലെ മൂന്നാം പ്രതി അനുപമയ്ക്ക് പഠന ആവശ്യത്തിനായി ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു.
ഏതാനും ദിവസം മുമ്പ് രണ്ടാം പ്രതി അനിതാ കുമാരിക്കും കൊല്ലത്തെ വിചാരണ കോടതിയും ജാമ്യം നൽകുകയുണ്ടായി.