നിർമാണം നടക്കുന്ന ദേശീയപാതയുടെ ഓടയിൽ ശുചിമുറി മാലിന്യം ഒഴുക്കി
1454390
Thursday, September 19, 2024 5:59 AM IST
ചാത്തന്നൂർ: ദേശീയപാതയിൽ നിർമാണം നടക്കുന്ന ഓടയിൽ ശുചിമുറി മാലിന്യം ഉൾപ്പടെയുള്ള മലിനജലം ഒഴുക്കിവിട്ടു. പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത്. കൊല്ലം -തിരുവനന്തപുരം ദേശീയപാതയിൽ ചാത്തന്നൂർ ജംഗ്ഷനു സമീപം നിർമാണം നടക്കുന്ന ഓടയിലേക്കാണ് കഴിഞ്ഞ രാത്രി ശുചിമുറി മാലിന്യം അടക്കമുള്ള മലിനജലം ഒഴുക്കിവിട്ടത്.
നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ തുറന്ന് കിടക്കുന്ന ഓടയിലൂടെ ദുർഗന്ധം പരന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശുചിമുറി മാലിന്യം ഉൾപ്പെടെ കണ്ടെത്തിയത്.
പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് മേൽനടപടികൾ സ്വീകരിച്ചു.പ്രദേശത്തെ ഹോട്ടലുകളിൽ നിന്നോ ലോഡ്ജുകളിൽ നിന്നോ ആണ് മാലിന്യം ഒഴുക്കിവിട്ടതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
ദേശീയപാതയിലെ പുതിയതായി നിർമിക്കുന്ന ഓടയിൽ കടകളുടെ ശുചിമുറി ടാങ്കുകളുടേയും മലിനജല ടാങ്കുകളുടേയും പൈപ്പുകൾ ബന്ധിപ്പിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
ഈ പൈപ്പുകളിലൂടെ കക്കൂസ് മാലിന്യം ഒഴുക്കിവിട്ടതാണ് ഇപ്പോൾ സംഭവിച്ചതെന്ന് കരുതുന്നു. ആയതിനാൽ ഓടയിലേക്ക് കളക്ട് ചെയ്ത പൈപ്പുകൾ സംബന്ധിച്ച് പരിശോധന നടത്തി അവ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.