ജോസഫ് ജി. ഫെർണാണ്ടസിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി
1454097
Wednesday, September 18, 2024 6:05 AM IST
കൊല്ലം: കാലത്തിന്റെ കർമയോഗി എന്ന നാമത്താൽ ധന്യമായ ജീവിതം കാഴ്ചവെച്ച ദൈവദാസൻ ബിഷപ് ജെറോമിന്റെ പിൻഗാമിയായി 23 വർഷം കൊല്ലം രൂപതയെ നയിച്ച ആത്മീയ ആചാര്യൻ ജോസഫ് ജി ഫെർണാണ്ടസിന്റെ ജന്മശതാബ്ദി സ്മരണാചരണത്തിനു തുടക്കമായി. കൊല്ലം രൂപതാ മെത്രാനായ റൈറ്റ് റവ. ഡോ.പോൾ ആന്റണി മുല്ലശേരി അധ്യക്ഷനായിരുന്ന പൊതുസമ്മേളനത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റൊ ജോസഫ് ജി ഫെർണാണ്ടസിന്റെ ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു.
സൗമ്യത കൊണ്ട് വിശ്വാസ മനസുകളിൽ ഇടം പിടിച്ചവനാണ് ബിഷപ് ജോസഫ് ജി. ഫെർണാണ്ടസെന്ന് അദ്ദേഹം ശതാബ്ദി ആചരണ സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. നർമം മനസിലും വാക്കിലും സൂക്ഷിച്ച് മറ്റുള്ളവരെ ബഹുമാനിച്ച ഇടയ് ശ്രേഷ്ഠനായിരുന്നു ജോസഫ് തിരുമേനി എന്ന് പുസ്തകം ഏറ്റുവാങ്ങിയ മാവേലിക്കര രൂപതാ മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്യോസ് പറഞ്ഞു.
വിശ്വാസത്തിന്റെ പിൻബലത്തിൽ പ്രത്യാശ നിറഞ്ഞ ചരിത്രം സൃഷ്ടിച്ച മെത്രാൻ തീരദേശ മത്സ്യത്തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിൽ ചാലക ശക്തിയായിരുന്നുവെന്ന് കൊല്ലം എംപി പ്രേമചന്ദ്രൻ അനുസ്മരിച്ചു.
കൊല്ലം രൂപത മുൻ മെത്രാൻ സ്റ്റാൻലി റോമൻ, വികാരി ജനറൽ ഡോ. ബൈജു ജൂലിയൻ, പി.സി .വിഷ്ണുനാഥ് എംഎൽഎ, അനിൽ സേവ്യർ, പ്രഫ. എസ്. വർഗീസ്, ഗ്ര ന്ഥകർത്താവ് റൊമാൻസ് ആന്റണി , സിസ്റ്റർ അഡോൾഫ് മേരി , സിസ്റ്റർ വിൻസി തെരുവത്ത്, വി.ടി. കുരീപ്പുഴ, മിൽട്ടൺ സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.