ഉത്രാട പാച്ചിലിൽ നാടും നഗരവും
1453543
Sunday, September 15, 2024 5:54 AM IST
കൊല്ലം: തിരുവോണത്തെ വരവേൽക്കാൻ ഉത്രാട തിരക്കിൽ അമർന്ന് നാടും നഗരവും. ഓണം ആഘോഷിക്കാനുള്ള സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള ഉത്രാട പാച്ചിലിലായിരുന്നു നാടാകെ.
അത്തം മുതൽ സജീവമായ ഓണം വിപണിയിലെ തിരക്ക് ഇന്നലെ അർധരാത്രിയോടെയാണ് സമാപിച്ചത്. രാവിലെ തെളിഞ്ഞ കാലാവസ്ഥ വിപണിയെ സജീവമാക്കി.
വസ്ത്ര വ്യാപാര ശാലകളിലാണ് ഇന്നലെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. കുടുംബ സമേതം വസ്ത്രങ്ങൾ വാങ്ങാനെത്തിയവരാണ് കൂടുതലുണ്ടായിരുന്നത്. പ്രമുഖ ടെക്സ്റ്റൈൽ കടകളിലെല്ലാം അഭൂത പൂർവമായ തിരക്കായിരുന്നു ഇക്കുറി. പല സ്ഥാപനങ്ങൾക്ക് മുന്നിലും വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്. പലയിടത്തും വാഹനഗതാഗത തടസം അനുഭവപ്പെട്ടു.
പച്ചക്കറി വിൽപന ശാലകളിലും വൻതിരക്ക് ദൃശ്യമായി. ഓണസദ്യ ഒരുക്കുന്നതിനുള്ള പച്ചക്കറി കിറ്റുകൾക്കാണ് ഏറെ ആവശ്യക്കാർ ഉണ്ടായത്. 200 മുതൽ 500 രൂപ വരെയുള്ള കിറ്റുകൾ ലഭ്യമായിരുന്നു. പലയിടങ്ങളിലും വൈകുന്നേരത്തോടെ കിറ്റുകൾ വിറ്റുതീർന്നു. പച്ചക്കറികളിൽ പല ഇനങ്ങളും ആവശ്യത്തിന് ലഭ്യമായിരുന്നില്ല.
പൂ വിപണിയിലെ തിരക്ക് അനിയന്ത്രിതമായിരുന്നു. മുല്ല അടക്കമുള്ള പല പൂക്കൾക്ക് ഇക്കുറി വലിയ ക്ഷാമം അനുഭവപ്പെട്ടു. രാവിലെ മുതൽ പൂവിൽപന കേന്ദ്രങ്ങൾ സജീവമായി. വൈകുന്നേരം ആയപ്പോൾ പൂവിപണി കാലിയായി. 100 മുതൽ 300 രൂപ വരെയുള്ള പൂ കിറ്റുകൾ വിറ്റുപോയി.
ഗൃഹോപകരണ വിൽപ്പന ശാലകളിൽ തിരക്ക് അനുഭവപ്പെട്ടു. എല്ലായിടത്തും ഓഫറുകൾ ഉണ്ടായിരുന്നതിനാൽ വിൽപന പൊടിപൊടിച്ചു. അർധ രാത്രി വരെയുള്ള കച്ചവടമായിരുന്നു ഇക്കുറി ഗൃഹോപകരണ വിപണിയിലെ ഏറ്റവും വലിയ പ്രത്യേകത. മിക്കയിടത്തും പുലർച്ചെ വരെ കച്ചവടം നീണ്ടു. പതിവിന് വിപരീതമായി കൊല്ലം നഗരത്തിൽ എല്ലാത്തരം വ്യാപാര സ്ഥാപനങ്ങളും പുലർച്ചെ വരെ പ്രവർത്തിക്കുകയും ചെയ്തു.
തെരുവോര കച്ചവടമായിരുന്നു മറ്റൊരു ആകർഷണം. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഫുട്പാത്ത് വിപണിയിൽ ലഭ്യമായിരുന്നു. കൊല്ലം നഗരത്തിലെ തെരുവോര വിപണിയിൽ ഇത്തവണ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്.
സർക്കാർ ഓണച്ചന്തകളിൽ നല്ല തിരക്കുണ്ടായി. സപ്ലൈകോ , കൺസ്യൂമർ ഫെഡ് ഓണം വിപണന ശാലകളിൽ സബ്സിഡി ഇനങ്ങൾ അടക്കം വാങ്ങാൻ രാവിലെ മുതൽ ആൾക്കാരുടെ നീണ്ടനിരയാണ് അനുഭവപ്പെട്ടത്. പലയിടത്തും ഇത്തരം ചന്തകൾ നിശ്ചിത സമയം കഴിഞ്ഞും പ്രവർത്തിച്ചു.
നാടൻ വിഭവങ്ങളുമായി കുടുംബശ്രീ ഓണ ചന്തകളും ഉപഭോക്താക്കളെ ആകർഷിച്ചു. ഹോർട്ടികോർപ്പിന്റേയും വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ സൊസൈറ്റിയിലേയും പച്ചക്കറി ചന്തകളിലും തിരക്കിന് ഒട്ടും കുറവുണ്ടായില്ല.
ബേക്കറികളിലും തിരക്കായിരുന്നു. മിക്ക ബേക്കറികളിലും ചിപ്സിനും മറ്റും പ്രത്യേക കൗണ്ടറുകൾ പ്രവർത്തിച്ചു. ഇത്തവണ പപ്പട കച്ചവടവും പൊടിപൊടിച്ചു. കാലാവസ്ഥ അനുകൂലമായതിനാൽ നാടൻ പപ്പടം എല്ലായിടത്തും ആവശ്യാനുസരണം ലഭ്യമായിരുന്നു. സദ്യ വിളമ്പാനുള്ള ഇലയ്ക്കും ആവശ്യക്കാർ ഏറെയായിരുന്നു.
നാടൻ ഇല ഇക്കുറി ആവശ്യത്തിന് ഉണ്ടായിരുന്നില്ല. തമിഴ്നാട്ടിൽ നിന്ന് എത്തിച്ച ഇല വിറ്റഴിഞ്ഞു. കൊല്ലം എസ്എംപി പാലസിന് സമീപമുള്ള പച്ചക്കറി മാർക്കറ്റിലായിരുന്നു ഇല കച്ചവടം നടന്നത്.