ചന്ദനമരക്കടത്ത്: പ്രതിയുമായി വനം വകുപ്പ് തെളിവെടുത്തു
1453300
Saturday, September 14, 2024 5:53 AM IST
അഞ്ചല്‍: വനം വകുപ്പ് കുളത്തുപ്പുഴ റേഞ്ച് പരിധിയിലെ സ്വകാര്യ വസ്തുക്കളില്‍ നിന്ന് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ പിടിയിലായ പ്രതികളില്‍ ഒരാളുമായി വനം വകുപ്പ് തെളിവെടുപ്പ് നടത്തി.
വിതുര കല്ലാര്‍ സ്വദേശി ശിങ്കിടി വിജയന് എന്ന വിജയനുമായിട്ടാണ് വനപാലകര്‍ തെളിവെടുപ്പ് നടത്തിയത്. മരം കവര്‍ച്ച ചെയ്ത അരിപ്പയിലെ പ്രിയദര്‍ശിനിയുടെ വീട്, ചന്ദനം എത്തിച്ച സ്ഥലം ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ പ്രതിയെ എത്തിച്ചു. മുന്‍കൂട്ടി കണ്ടു മനസിലാക്കി വയ്ക്കുന്ന ചന്ദന മരങ്ങള്‍ രാത്രിയില്‍ എത്തി മുറിച്ചു കടത്തുകയാണ് പതിവ്.
കേസില്‍ നിലവില്‍ എജന്റ് ആയി പ്രവര്‍ത്തിച്ച ലളിതാ ഭായി ഉള്‍പ്പടെ രണ്ടുപേരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ പ്രധാന പ്രതി കല്ലാര്‍ സ്വദേശി രതീഷിനായി അന്വേഷണം ഊർജിതമാക്കിയതായി വനപാലകര്‍ അറിയിച്ചു.
കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടതായ സൂചനയെ തുടര്‍ന്ന് അന്വേഷണം തുടരുകയാണെന്നും കൂടുതൽ ആളുകള്‍ പിടിയിലാകുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പിടിയിലായ വിജയന്, ഒളിവിലുള്ള രതീഷ് എന്നിവര്‍ മുമ്പും കേസുകളില്‍ പ്രതികളായിട്ടുണ്ട്. റിമാൻഡിലായിരുന്ന പ്രതിയെ തുടരന്വേഷണ ഭാഗമായി കോടതി അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.