യുവാവിനെ മർദിച്ച എസ്ഐയ്ക്കും ഡ്രൈവർക്കും സ്ഥലംമാറ്റം
1452740
Thursday, September 12, 2024 6:00 AM IST
കൊട്ടാരക്കര: കാറിനു സൈഡ് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ യുവാവിനെ മർദിച്ച കേസിൽ പോലീസുകാർക്ക് സ്ഥലംമാറ്റം. സ്വകാര്യ കാറിൽ എത്തി പള്ളിക്കൽ സ്വദേശി ഹരീഷിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിക്കുകയും പോലീസ് സ്റ്റേഷനിൽ മൂന്നാംമുറയ്ക്കു വിധേയനാക്കുകയും ചെയ്ത സംഭവത്തിലാണ് കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എസ്ഐ പ്രദീപ്, ഡ്രൈവർ ശ്രീരാജ് എന്നിവരെ സ്ഥലം മാറ്റി റൂറൽ എസ്പി ഉത്തരവിട്ടത്. കഴിഞ്ഞ നാലിനായിരുന്നു സംഭവം നടന്നത്.
ക്രൂര മർദനത്തിനത്തിനിരയായ ഹരീഷ് ആരോഗ്യനില ഇതുവരെ തരണം ചെയ്തിട്ടില്ല. നട്ടെല്ലിന് ഗുരുതരമായ ക്ഷതമുണ്ടെന്നാണ് ഡോക്ടറുടെ പരിശോധനാ റിപ്പോർട്ട്. കൂടുതൽ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് ഹരീഷിന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്.
എസ്ഐ പ്രദീപിനെ ക്രൈം ബ്രാഞ്ചിലേക്കും ഡ്രൈവർ ശ്രീരാജിനെ ട്രാഫിക്കിലേക്കുമാണ് മാറ്റിയത്. സംഭവത്തിൽ എസ്ഐ പ്രദീപ് ഉൾപ്പടെ കണ്ടാലറിയുന്ന നാല് പേർക്കെതിരേ കോടതി സ്വമേധയ കേസ് എടുത്തിട്ടുണ്ട്.
സംഭവം വിവാദമായതോടെ അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കൊട്ടാരക്കര ഡിവൈഎസ്പിയോട് റൂറൽ എസ്പി ആവശ്യപ്പെട്ടിരുന്നു. ഡിവൈഎസ്പിയുടെ റിപ്പോർട്ടിനുശേഷം കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കൂടുതൽ നടപടി ഉണ്ടാകും. കുറച്ചു നാളായി പോലീസ് ഗുണ്ടാ സംഘമായി പ്രവർത്തിക്കുന്നതായി ആരോപണം ശക്തമായിരുന്നു.
നിസാര കേസുകളിൽപോലും ജനകീയ പോലീസ് കാമ്പയിൻ നടത്തുന്ന പോലീസു ഉദ്യോഗസ്ഥർപോലും ക്രൂര മർദകരായിമാറുന്നതായി ആരോപണമുയരുന്നത്. രാത്രി കാലങ്ങളിൽ പോലീസ് സ്റ്റേഷൻ പരിസരത്ത് തമ്പടിച്ച് മദ്യപാന പാർട്ടികൾ നടക്കുന്നതായി സിവിൽ സ്റ്റേഷൻ പരിസരത്ത് പരാതി ഉണ്ടായിരുന്നു.
അടുത്തിടെയായി ക്രിമിനൽ വാസനയുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റുന്ന ഇടമായി കൊട്ടാരക്കര പോലീസ് സ്റ്റേഷൻ മാറിയതായി രാഷ്ട്രീയ പാർട്ടികളുടെ ആരോപണമുണ്ട്.
കേസ് ഒത്ത് തീർക്കാൻ ഇടനിലക്കാർ രംഗത്ത്
കൊട്ടാരക്കര: കാറിൽ കൊണ്ടു പോയി ക്രൂര മർദനത്തിന് ഇരയാക്കിയശേഷം പോലീസ് സ്റ്റേഷനിൽ യുവാവിനെ മൂന്നാം മുറയ്ക്കു വിധേയനാക്കിയ സംഭവത്തിൽ വാദികളെ സ്വാധീനിക്കാൻ കുറ്റക്കാരായ പോലീസുകാർ ഇടനിലക്കാർ വഴി ശ്രമം നടക്കുകയാണ്.
ലക്ഷങ്ങളും വീടും വസ്തുവും വരെ ഇടനിലക്കാർ വഴി വാഗ്ദാനം നൽകിവരികയാണ്. ജോലി ചെയ്യുന്നതിന് തടസം ഉണ്ടാകില്ലെന്നും മറ്റുള്ളവർ വഴി മർദനമേറ്റ ആളിനെ ഫോണിൽ വിളിച്ചു പറഞ്ഞായിരുന്നു ശ്രമം.