മോഷ്ടാവിനെ കൊണ്ട് പൊറുതിമുട്ടി കരുകോണിലെ കര്‍ഷകര്‍
1452494
Wednesday, September 11, 2024 6:05 AM IST
അഞ്ചല്‍ : മലയോര മേഖലയില്‍ കര്‍ഷകരുടെ പ്രധാന ശത്രു കാട്ടുപന്നിയും കുരങ്ങും മയിലുമൊക്കെ ഉള്‍പ്പെടുന്ന വന്യ മൃഗങ്ങളാണ്. എന്നാല്‍ ഒരു മനുഷ്യനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് അലയമണ്‍ പഞ്ചായത്തിലെ കരുകോണ്‍ മൂന്നാറ്റുമൂല പ്രദേശത്തെ കര്‍ഷകര്‍.
ജലീല്‍ എന്നാണു അയാളുടെ പേര്. വിളവെടുപ്പ് പാകമാകുന്ന വാഴ, മരച്ചീനി, റബര്‍ ഷീറ്റുകള്‍ എന്നുവേണ്ട എന്ത് കിട്ടിയാലും അടിച്ചുമാറ്റികൊണ്ട് പോകും. പലതവണ നാട്ടുകാര്‍ പരാതി രേഖാമൂലവും അല്ലാതെയും നല്കി. നിരവധി തവണ പോലീസ് പിടികൂടുകയും റിമാന്റില്‍ ആകുകയും ചെയ്തു. പക്ഷെ തിരിച്ചിറങ്ങി വരുന്ന ജലീല്‍ വീണ്ടും മോഷ്ടിക്കും. കഴിഞ്ഞ ദിവസം ഇയാള്‍ വാഴക്കുല മോഷ്ടിച്ചു. ഒരുതവണയല്ല പലവട്ടം. പിന്തുടര്ന്ന് എത്തിയ കര്ഷകന് കരുകോണില്‍ വച്ച് ഇയാളെ പിടികൂടുകയും പോലീസിനു കൈമാറുകയും ചെയ്തു.
പക്ഷെ കര്ഷകന് വീട്ടില്‍ എത്തുംമുമ്പേ ജലീല്‍ വീണ്ടും കരുകോണില്‍ എത്തി. പോലീസിനു സ്ഥിരം തലവേദനയായി മാറിയ ഇയാളെ ഇനി എന്ത് ചെയ്യാനാണ് എന്ന് അഞ്ചല്‍ പോലീസ് ചോദിക്കുന്നത്. മാനസിക രോഗത്തിന് ചികിത്സ തേടിയതിന്റെ പേപ്പറുകളുമായി നടക്കുന്ന ഇയാളെ ജയിലില്‍ അടയ്ക്കാന്‍ പരിമിതികള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ ഇയാള്‍ക്ക് മാനസിക രോഗമില്ലെന്നും അഭിനയമാണെന്നും നാട്ടുകാരും പറയുന്നു. ജലീല്‍ നിരന്തരം മോഷണം തുടരുന്ന സാഹചര്യത്തില്‍ ഇനി എന്ത് എന്ന ചോദ്യമാണ് ഇപ്പോള്‍ കര്‍ഷകര്‍ ഉന്നയിക്കുന്നത്.